ചിറ്റൂർ: തമിഴ്നാട്ടിലെ കൂനൂരിന് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലാൻസ് നായിക് ബി സായ് തേജ (27) ആന്ധ്രാപ്രദേശ് ചിറ്റൂരിലുള്ള ഭാര്യയോട് അവസാനമായി വീഡിയോ കോളിൽ സംസാരിച്ചത് മരണത്തിന് മണിക്കൂറുകൾക്ക് മുൻപ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് കോപ്റ്റർ അപകടത്തിൽ മരിച്ചത്.
തേജയ്ക്കും ഭാര്യ ശ്യമളയ്ക്കും അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണുള്ളത്. 2012ൽ ഗുണ്ടൂരിലെ റിക്രൂട്ട്മെന്റിൽ ആർമിയിൽ ചേർന്ന തേജ 2016ൽ 11 പാരാ മിലിറ്ററിയിൽ ചേർന്നതായും ഏഴുമാസത്തോളം ജനറൽ റാവത്തിനെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) നിയമിക്കുകയും ചെയ്തുവെന്ന് ചിറ്റൂർ ജില്ലയിലെ റെഗഡപള്ളി ഗ്രാമത്തിലെ കർഷകനായ പിതാവ് ബി മോഹൻ പറയുന്നു.
“അവൻ എപ്പോഴും ആർമിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു, പത്താം ക്ലാസ്സിന് ശേഷം അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അവൻ എല്ലാ ദിവസവും രാവിലെ 10 കിലോമീറ്റർ ഓടുകയും വ്യായാമം ചെയ്യുകയും ചെയ്തു. അവധിക്ക് നാട്ടിൽ വന്നപ്പോഴും ആ അഭ്യാസം തുടർന്നു. അവൻ സൈന്യത്തോട് വളരെ വികാരാധീനനായിരുന്നു. അ വൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു, പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കാറുണ്ടായിരുന്നു, ” പിതാവ് പറഞ്ഞു.
Also Read: മൂടൽ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റർ; അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍
തേജ തന്റെ പത്താം ക്ലാസ് വരെ ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുകയും ഗുണ്ടൂരിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും ചെയ്തു.
താനും ഭാര്യ ബി ഭുവനേശ്വരിയും ഗ്രാമത്തിൽ നിന്ന് ചിറ്റൂർ ജില്ലയിലെ മദൻപള്ള നഗരത്തിലേക്ക് സ്ഥിരം പോകുമായിരുന്നെന്നും തേജ കഴിഞ്ഞ വർഷം തന്റെ ഭാര്യയെയും കുട്ടികളെയും മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി അങ്ങോട്ട് മാറ്റിയിരുന്നെന്നും ബി മോഹൻ പറഞ്ഞു.
തേജയുടെ ഇളയ സഹോദരൻ ബി മഹേഷും സൈന്യത്തിലാണ്.
“തേജ അവസാനമായി ഒരു മാസത്തെ അവധിയിൽ സെപ്തംബർ മാസത്തിലാണ് വീട്ടിലേക്ക് വന്നത്, അടുത്ത മാസം സംക്രാന്തിക്ക് ഒരു ചെറിയ ഇടവേളയ്ക്ക് വീണ്ടും വരേണ്ടതായിരുന്നു,” മോഹൻ പറയുന്നു.