ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വെട്ടി നുറുക്കി രണ്ടു ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ബറാപുളള ഫ്ലൈഓവറിനു താഴെയുളള അഴുക്കുചാലിൽനിന്നാണ് ബാഗുകൾ കണ്ടെടുത്തത്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്നെ ചതിക്കുകയാണെന്ന സംശയത്താലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ റിസ്വാൻ ഖാൻ (20) പറഞ്ഞു. കത്തി ഉപയോഗിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം കഷ്ണങ്ങളാക്കി രണ്ടു ബാഗുകളിൽ നിറച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
11 മാസമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ റിസ്വാൻ പറഞ്ഞു. പെൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായി സൗഹൃദമുണ്ടെന്ന് അടുത്തിടെയാണ് അറിഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.