ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുന്നവരുടെ നഖം വെട്ടുമെന്ന് ഭീഷണിപ്പെടുത്തി ബിപ്ലബ് ദേബ്. തന്റെ പ്രസ്താവനകളെ നിരന്തരം പരിഹസിക്കുന്നതിന് എതിരെയാണ് ത്രിപുര മുഖ്യമന്ത്രി രംഗത്തെത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ തന്റെ ഭരണത്തെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

രാവിലെ എട്ടു മണിക്ക് ചന്തയില്‍ എത്തിക്കുന്ന പാവയ്ക്ക ഒമ്പതു മണിയാകുമ്പോള്‍ നഖത്തിന്റെ പോറലേറ്റ് വാടിപോകുന്നുണ്ട്. അത്തരം അനുഭവം ത്രിപുരയിലെ സര്‍ക്കാരിനുണ്ടാകാന്‍ സമ്മതിക്കില്ല. സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും തളര്‍ത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ മുറിച്ച് മാറ്റും,” അദ്ദേഹം പറയുന്നു.

പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. മേയ് 2 ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരില്‍ കാണാനാണ് നിർദേശം. ത്രിപുര മുഖ്യമന്ത്രിയായ ശേഷം ബിപ്ലവ് ദേബ് നടത്തിയ പരാമര്‍ശങ്ങള്‍ പലതും ദേശീയ തലത്തില്‍ തന്നെ വളരെയേറെ പരിഹാസങ്ങള്‍ക്ക് വഴിവച്ചിരുന്നു.

മാഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നുവെന്ന പ്രസ്താവനയാണ് രാജ്യത്താകമാനം ബിപ്ലവ് ദേബിനെ ട്രോളന്മാരുടെ ഇരയാക്കി മാറ്റിയത്. ഇന്റര്‍നെറ്റും സാറ്റലൈറ്റും മഹാഭാരത കാലത്ത് നിലനിന്നിരുന്നുവെന്ന് പരിഹാസങ്ങളും കടുത്ത വിമര്‍ശനങ്ങളും കേട്ട ശേഷവും ബിപ്ലവ് ദേബ് ആവര്‍ത്തിച്ചിരുന്നു.

ലോക സുന്ദരി മൽസരത്തില്‍ 1997 ല്‍ ഡയാന ഹെയ്ഡന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സിവില്‍ സര്‍വ്വീസ് ഫലപ്രഖ്യാനം പുറത്തുവന്ന കഴിഞ്ഞ ദിവസം മെക്കാനിക്കല്‍ എൻജിനീയര്‍മാര്‍ സിവില്‍ സര്‍വ്വീസിന് ശ്രമിക്കരുതെന്നും സിവില്‍ എൻജിനീയര്‍മാര്‍ അതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ പശുക്കളെ സംരക്ഷിക്കാന്‍ യുവാക്കളോട് ആവശ്യപ്പെട്ട ബിപ്ലബ് ദേബ് ഇതൊരു കരിയറായി തിരഞ്ഞെടുക്കണമെന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ