ന്യൂഡൽഹി: നിയന്ത്രണരേഖയിലെ സ്ഥിതി ബലപ്രയോഗത്തിലൂടെ മാറ്റാൻ ചൈന ശ്രമിച്ചാൽ അത് സമാധാനത്തെ തകർക്കുമെന്നും ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കിഴക്കൻ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗം, സൈന്യത്തെ ഉപയോഗിച്ചോ ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു.

Read More: മേയ് മുതല്‍ ചൈന സൈനിക സന്നാഹമൊരുക്കി; ധാരണകള്‍ ലംഘിച്ചു: വിദേശകാര്യ മന്ത്രാലയം

ചൈനീസ് സൈന്യം സ്വീകരിച്ച നടപടികൾ ഉഭയകക്ഷി ബന്ധത്തിലെ വിശ്വാസ്യതയെ സാരമായി ബാധിച്ചു. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏതുദിശയിലേക്കാണ് നിങ്ങേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ ഉത്തരവാദിത്തമാണെന്നും അദ്ദഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ- ചൈന ഉഭയകക്ഷിബന്ധത്തില്‍ പുരോഗതിയുണ്ടാകില്ല. “ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഞങ്ങളുടെ വീക്ഷണകോണില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരുടെ സാധാരണ പട്രോളിങ്ങിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ ഗാൽവാൻ താഴ്വരയ്ക്കു മേലുള്ള ചൈനയുടെ പരമാധികാരം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലർന്ന അവകാശവാദങ്ങൾ സാഹചര്യത്തെ സഹായിക്കില്ല.

“നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളും എപ്പോഴും നിയന്ത്രണരേഖയുടെ നമ്മുടെ ഭാഗത്താണ്. അതിനാൽ സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള പ്രവൃത്തികൾ ചൈന അവസാനിപ്പിക്കേണ്ടതുണ്ട്. മുമ്പൊരിക്കലും ആശങ്കപ്പെടാത്ത ഒരു മേഖലയിൽ അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് വളരെ ആശ്ചര്യകരമാണ്,” അദ്ദേഹം പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച്‌ ഇന്ത്യക്ക് വ്യക്തതയുണ്ട്‌. ഇന്ത്യൻ സൈന്യം വളരെ കാലമായി ഗല്‍വാന്‍ താഴ്‌വരയിൽ തടസമില്ലാതെ പട്രോളിങ് നടത്തിവന്നിരുന്നതാണെന്നും മിസ്ത്രി പറഞ്ഞു. സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കാണെന്ന് ചൈനീസ് അംബാസഡര്‍ സണ്‍ വെയ്‌ഡോങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനയുടെ ഭാഗത്തുള്ള നീക്കങ്ങങ്ങളാണെന്ന് മിസ്ത്രി പറഞ്ഞു.

“ഏപ്രില്‍ -മേയ് മാസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമായി നിരവധി ചൈനീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ്ങിനെ തടസ്സപ്പെടുത്തി. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു,” മിസ്ത്രി വ്യക്തമാക്കി.

ചൈന അതിര്‍ത്തിയില്‍ നടത്തിയ സന്നാഹം ഇന്ത്യയും ചൈനയും തമ്മിലെ വിവിധ ഉഭയകക്ഷി ധാരണകള്‍ക്ക് അനുസരിച്ചുള്ളതല്ലെന്നും പ്രത്യേകിച്ച് 1993-ലെ കരാറിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15-ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 15-ന് ഇളക്കിമാറ്റിയ ചൈനയുടെ ടെന്റുകൾ താഴ്‌വരയിൽ തിരിച്ചുവന്നതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇക്കാര്യം സൈന്യത്തിലെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Read More in English: Chinese use of force to alter status quo will have repercussions on ties: Indian envoy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook