വാഷിങ്ടൺ: ഇന്ത്യ, ജപ്പാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ചൈനീസ് ചാര ബലൂൺ ലക്ഷ്യമിട്ടെന്ന് മീഡിയ റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് ചാര ബലൂൺ യുഎസ് സൈന്യം വെടിവച്ചിട്ടതിനുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ് 22 യുദ്ധവിമാനം ഉപയോഗിച്ചാണ് ചൈനീസ് ബലൂൺ വെടിവച്ച് വീഴ്ത്തിയത്.
തെക്കൻ തീരമായ ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി ചൈനീസ് ചാര ബലൂൺ നിരീക്ഷണം നടത്തുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങളാണ് ബലൂൺ വഴി ചൈന ശേഖരിക്കുന്നതെന്ന് ദി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത നിരവധി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിന്റെ റിപ്പോർട്ട്.
ചൈനയുടെ പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) വ്യോമസേനയുടെ ഭാഗകമായി പ്രവർത്തിക്കുന്ന ചാര ബലൂണുകൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞതായി ദിനപത്രം റിപ്പോർട്ട് ചെയ്തു. “ഈ ബലൂണുകളെല്ലാം നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ വികസിപ്പിച്ചെടുത്ത ഒരു പിആർസി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) ബലൂണുകളുടെ ഭാഗമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണിത്,” ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
സമീപ വർഷങ്ങളിൽ, ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ കുറഞ്ഞത് നാല് ബലൂണുകളെങ്കിലും കണ്ടെത്തിയതായി ദിനപത്രം പറയുന്നു. ഇവയിൽ മൂന്നെണ്ണം ട്രംപ് ഭരണകാലത്താണ് കണ്ടെത്തിയതെങ്കിലും അടുത്തിടെയാണ് ചൈനീസ് ചാര ബലൂണുകളാണെന്ന് തിരിച്ചറിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.