കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് ചാരക്കപ്പൽ എത്തി. പ്രാദേശിക സമയം രാവിലെ 8.20 നാണ് ‘യുവാൻ വാങ് 5’ ഹമ്പൻടോട്ടയിലെ തുറമുഖത്തെത്തിയത്. ഓഗസ്റ്റ് 22 വരെ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 11 ന് കപ്പൽ തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാൽ ശ്രീലങ്കൻ അധികൃതരിൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് എത്താൻ വൈകി. കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തുന്നതിൽ ഇന്ത്യ കടുത്ത ആശങ്കയും എതിർപ്പും അറിയിച്ചിരുന്നു. ഇതേത്തുടർന്ന് യാത്ര നീട്ടിവയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് ശനിയാഴ്ച ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കൊളംബോ അനുമതി നൽകി.
ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് ഈ ചാരക്കപ്പൽ. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനാണ് കപ്പല്‍ എത്തുന്നതെന്നാണ് വിലയിരുത്തിയിരുന്നത്.
യുവാൻ വാങ് 5 ഗണ്യമായ ആകാശ വിസ്താരമുള്ള (ഏകദേശം 750 കിലോമീറ്റര്‍) ഒരു ട്രാക്കിങ് കപ്പലാണ്. അതിനർത്ഥം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി തുറമുഖങ്ങൾ ചൈനയുടെ റഡാറിൽ ആയിരിക്കുമെന്നാണ്. ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പദ്ധതികള്‍ കപ്പലിന്റെ ട്രാക്കിങ് ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.
ഗവേഷണത്തിനും സര്‍വേയ്ക്കുമായി ഉപയോഗിക്കുന്ന കപ്പലാണ് ‘യുവാൻ വാങ് 5’. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ ട്രാക്കുചെയ്യുന്നതിന് ചൈന യുവാൻ വാങ് വിഭാഗം കപ്പലുകൾ ഉപയോഗിക്കുന്നു. ചൈനയിലെ ജിയാങ്‌നാൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച യുവാൻ വാങ് 5 2007 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 222 മീറ്റർ നീളവും 25.2 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിങ് സാങ്കേതികവിദ്യയുണ്ട്.
അതേസമയം കപ്പല്‍ എത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ ശ്രീലങ്കയിലെ ചൈനീസ് പ്രതിനിധി ഷെന്‍ഹോങ് തള്ളി. ഇത്തരം സന്ദര്‍ശനങ്ങളെ വളരെ സ്വാഭാവികമെന്നാണ് ഷെന്‍ഹോങ് ശേഷിപ്പിച്ചത്.
ഇത്തരത്തിലുള്ള ഗവേഷണ കപ്പല്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത് വളരെ സ്വാഭാവികമാണ്. 2014-ല്‍ സമാനമായ ഒരു കപ്പല്‍ ഇവിടെയെത്തിയിരുന്നതായും സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷെന്‍ഹോങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം കപ്പലെത്തിയത് സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ചററിയില്ലെന്നും നിങ്ങള്‍ ഇന്ത്യന്‍ സുഹൃത്തുക്കളോട് ചോദിക്കണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.