ബെയ്ജിങ്: സിക്കിമില്‍ ഒരു മാസത്തിലേറെയായി ഇന്ത്യ-ചൈന സേനകള്‍ മുഖാമുഖം സംഘര്‍ഷത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രതികരണം. ചൈനയുടെ അതിര്‍ത്തിപ്രദേശം വെട്ടിമുറിച്ചു പിടിച്ചെടുക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നു ഷി ചിന്‍പിങ് അറിയിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ (പിഎല്‍എ) ഷി ചിന്‍പിങ് അഭിനന്ദിച്ചു.

ചൈനയുടെ പരമാധികാരവും സുരക്ഷയും പുരോഗതിയും ഇല്ലാതാക്കാമെന്നു ആരും വിചാരിക്കേണ്ട. അതു കയ്പുള്ള അനുഭവമാകും. ആക്രമിക്കുക, അതിര്‍ത്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന പ്രവര്‍ത്തിക്കുകയില്ല ഷി ചിന്‍പിങ് പറഞ്ഞു.

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പ്രസിഡന്റിന്റെ പ്രസംഗം. ചൈനീസ് ജനത സമാധാനപ്രിയരാണ്. എതു കയ്യേറ്റങ്ങളെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടെന്നും ഷി ചിന്‍പിങ് പറഞ്ഞു.

പിഎല്‍എയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 12,000 സൈനികരുടെ വന്‍ പരേഡ് കഴിഞ്ഞദിവസം ചൈന നടത്തിയിരുന്നു. 2015നുശേഷം ചൈന നടത്തിയ ഏറ്റവും വലിയ ശക്തിപ്രകടനമായിരുന്നു അത്. ആണവായുധങ്ങളും പോര്‍വിമാനങ്ങളും ഉള്‍പ്പെടെ അറന്നൂറിലധികം തരം യുദ്ധസംവിധാനങ്ങളാണു ചൈന അണിനിരത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ