ബെയ്ജിങ്: കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രോഗികളെ ചികിത്സിയ്ക്കാൻ വുഹാനിലേക്ക് പോകുന്ന ചൈനീസ് നഴ്സുമാർ തല മൊട്ടയടിക്കുന്നു. പകർച്ച വ്യാധിയെ നേരിടാൻ പതറാതെ പോകുന്ന നഴ്സുമാർ ചെയ്യുന്ന ത്യാഗത്തിന്റെ ഒരു കാഴ്ച മാത്രമാണിത്.

Read More: ഡൽഹി ‘തൂത്തുവാരുന്ന’ സാധാരണക്കാരൻ; അറിയാം കേജ്‌രിവാളിനെ

ചൈനയിലെ  ഏറ്റവും വലിയ ദിനപത്രമായ പീപ്പിൾസ് ഡെയ്‌ലി തങ്ങളുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള നഴ്‌സുമാർ വുഹാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തല മൊട്ടയടിക്കുന്നതായി കാണിക്കുന്നു.

രോഗകാരിയായ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് നഴ്സുമാർ ഇത് ചെയ്യുന്നത്. കൂടാതെ അപകടസാധ്യതകൾക്കെതിരെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.

വുഹാൻ യൂണിവേഴ്‌സിറ്റിയിലെ റെൻമിൻ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന ഷാൻ സിയ ജനുവരി അവസാനം തന്റെ മുടി മുഴുവൻ ഷേവ് ചെയ്തതായി ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ശുചിമുറികൾ ഉപയോഗിക്കാൻ പോലും കൂടുതൽ സമയം എടുക്കാതിരിക്കാൻ അഡൽട്ട് ഡയപ്പറുകൾ ഉപയോഗിക്കുകയാണ് ഇവിടുത്തെ നഴ്സുമാർ. അത്രയും സമയം ലാഭിച്ച് അത് രോഗികൾക്കായി ചെലവഴിക്കുന്നതിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്.

വുഹാനിൽ സേവനമനുഷ്ഠിക്കുന്ന ഓരോ ഡോക്ടർക്കും നഴ്സിനും മാനസികവും ശാരീരികവുമായ സമ്മർദമുണ്ട്. രോഗികൾക്ക് ആശങ്കയുണ്ടെന്ന് തങ്ങൾക്കറിയാമെന്നും എന്നാൽ ഡോക്ടർമാരും മനുഷ്യരാണെന്ന് നമ്മൾ മനസിലാക്കണമെന്നും ബെയ്ജിങ്ങിലെ തെറാപ്പിസ്റ്റായ കാൻഡിസ് ഖിനിനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി നേരത്തേ ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്ത പക്ഷം കൊറോണ വൈറസ് ഹോങ്കോങില്‍ വ്യാപിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഡോക്ടർമാരും നഴ്സുമാരും സമരത്തിലേർപ്പെടുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ചൈനയിലെ നഴ്സുമാരുടെ പ്രവർത്തനങ്ങൾ പ്രാധാന്യമർഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook