ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ഗല്‍വാന്‍ താഴ്വരയിലേയും പാംഗോങ് ട്സോയിലേയും സംഘര്‍ഷത്തിന്റെ തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തന്ത്രപ്രധാനമായ ദെപ്സാങ് സമതലത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന് ചൈനീസ് സൈന്യം. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ മറ്റൊരു ശ്രമമായി ഈ കയ്യേറ്റത്തെ കാണാം.
പ്രധാനപ്പെട്ട ദൗലത്താ ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിന് 30 കിലോമീറ്റര്‍ തെക്ക്-കിഴക്കായിട്ടാണ് ചൈനീസ് സൈന്യം കയ്യേറ്റം നടത്തുകയും ധാരാളം സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുള്ളത്. ദെപ്സാങ് സമതലത്തിലെ കുപ്പിക്കഴുത്ത് പോലുള്ള വൈ-ജംഗ്ഷനിലാണ് സൈന്യം തമ്പടിച്ചത്. സൈനികര്‍, യുദ്ധ വാഹനങ്ങള്‍, സൈനികോപകരണങ്ങള്‍ എന്നിവ ചൈന വിന്യസിച്ചിട്ടുണ്ട്.
Read Also: വീടണയാൻ പ്രവാസികൾ; കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ
2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കയ്യേറിയിരുന്നു. ഇരുവശത്തേയും സൈനികര്‍ മുഖാമുഖം മൂന്നാഴ്ചയോളം നില്‍ക്കുകയും നയതന്ത്രതലത്തിലെ ചര്‍ച്ചകളെ തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് സംഘത്തിന് 1.5 അകലെയുള്ള വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കും.
ചൈനീസ് സൈന്യം വീണ്ടും കയ്യേറിയ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ദി ഇന്ത്യന്‍ എക്സ്പ്രസ് ഇന്ത്യന്‍ സൈനിക അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ വാര്‍ത്ത നിരാകരിക്കാനോ സ്ഥിരീകരിക്കാനോ തയ്യാറായില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി കയ്യേറുന്ന ചൈനയുടെ പതിവ് വർധിച്ചു വരികയാണ്. 2017-ല്‍ 75 സംഭവങ്ങളും 2018-ല്‍ 83 ഉം, 2019-ല്‍ 157 ഉം തവണ ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറി.
Read in English: Chinese army has crossed the border in another strategic area to the north, the Depsang plains