ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതു കൃത്യമായ പദ്ധതികളോടെയാണെന്ന് കേന്ദ്രമന്ത്രി ന്യായീകരിച്ചു. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബംഗാളിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബംഗാളിൽ വലിയൊരു വൈരുദ്ധ്യം നമ്മൾ കാണുന്നു. ചൈനീസ് ആപ്പുകൾ എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നാണ് നേരത്തെ ഇവർ ചോദിച്ചിരുന്നത്. ഇപ്പോൾ ചോദിക്കുന്നു എന്തുകൊണ്ട് ഈ ആപ്പുകൾ നിരോധിച്ചുവെന്ന്. തികച്ചും വൈരുദ്ധ്യമാണ് ഇത്. ഒരു പ്രതിസന്ധിയുടെ സമയത്ത് ബംഗാൾ എന്തുകൊണ്ട് കേന്ദ്രത്തിനൊപ്പം നിൽക്കുന്നില്ല,” രവിശങ്കർ പ്രസാദ് ചോദിച്ചു.
“ഇപ്പോൾ നടക്കുന്നത് ഡിജിറ്റൽ സ്‌ട്രൈക്കാണ്. പൗരൻമാരുടെ സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് ആപ്പുകൾ നിരോധിച്ചത്. നമ്മള്‍ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്‌ടലാക്കുണ്ടെങ്കിൽ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്‌ടമുണ്ട്.” കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: വിവാഹം കഴിഞ്ഞ് ആറു മാസത്തിനിടെ ഒന്നിച്ചു ജീവിച്ചത് 21 ദിവസം മാത്രം: അനുഷ്ക ശർമ്മ
ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻസാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക് ടോക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസിനാണ് ഇന്ത്യയിൽ വിലക്കുവീണത്. ചൈനീസ് ആപ്ലിക്കേഷൻസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.