ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം രൂക്ഷമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ. അതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതിയാണെന്നും ചൈന ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകളും വ്യവസ്ഥകളും സ്ഥിരം ലംഘിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
“സ്ഥിതി മോശമായാൽ കടുത്ത തീരുമാനമെടുക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും തിരിച്ചടിക്കാൻ രാജ്യത്തിന്റെ സേന സജ്ജമാണെന്നും പാർലമെന്റിന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” രാജ്നാഥ് സിങ് സഭയിൽ പറഞ്ഞു.
Read Also: മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന് കേന്ദ്രം
ലഡാക്കിന്റെ വലിയൊരു പ്രദേശം ചൈന അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. “കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ചൈന ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ അനധികൃതമായി കെെവശപ്പെടുത്തി. ഇതിനുപുറമെ, പാക് അധീന കശ്മീരിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം പാക്കിസ്ഥാൻ അനധികൃതമായി ചെെനയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1963 ലെ ചൈന-പാകിസ്ഥാൻ അതിർത്തി കരാർ ലംഘനമാണിത്. അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയുടെ കിഴക്കൻ മേഖലയിലെ ഇന്ത്യൻ പ്രദേശത്തുള്ള 90,000 ചതുരശ്ര കിലോമീറ്റർ ചെെന അവകാശപ്പെടുത്താൻ ശ്രമിക്കുന്നതായി വാർത്തകളുണ്ട്. ചെെനയുടെ നീക്കം വിവിധ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് സൂചിപ്പിക്കുന്നത്,” പ്രതിരോധമന്ത്രി പറഞ്ഞു.
സമാധാനപരമായ സഹവർത്തിത്വത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ സേന ധെെര്യവും ക്ഷമയും പുലർത്തി. എന്നാൽ, ചെെനയുടെ ഭാഗത്തുനിന്ന് അതല്ല പ്രതികരണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Read Also: ആയുരാരോഗ്യം നേരുന്നു; പ്രധാനമന്ത്രിക്ക് പിണറായിയുടെ ജന്മദിനാശംസ
“അതിർത്തിയിലെ ഏത് പ്രതിസന്ധിയെ നേരിടാനും സെെന്യം സജ്ജമാണെന്ന് ഞാൻ ഈ സഭയെ അറിയിക്കുന്നു. നിലവിലെ ഏത് വെല്ലുവിളിയെയും സേന വിജയകരമായി നേരിടും. നേരത്തെ വ്യക്തമാക്കിയിട്ടുള്ള പോലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. എങ്കിലും സമാധാനപരമായി കാര്യങ്ങളിൽ ഇടപെടാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.” രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.