ബെയ്ജിംഗ്: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ചൈനീസ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള നടിയാണ് ഫാന്‍ ബിംഗ്ബിംഗ്. എന്നാല്‍ രണ്ട് മാസമായി ഫാന്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. താരത്തെ ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയെന്നാണ് അഭ്യൂഹങ്ങള്‍.

ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ഫാന്‍. കഴിഞ്ഞ നാല് വര്‍ഷമായി ഫോബ്‌സിന്റെ മോസ്റ്റ് ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ പേഴ്‌സന്‍ പട്ടികയില്‍ ഒന്നാമതുള്ളത് ഫാനാണ്. ചൈനീസ് സിനിമയിലെ ഏറ്റവും വലിയ താരമെന്നാണ് ഫാന്‍ അറിയിപ്പെടുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ബിംഗ്ബിംഗ് പൊതുവേദികളിലെത്തിയിട്ടില്ല. അവസാനമായി പങ്കെടുത്തത് മെയില്‍ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍. ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയില്‍ 62 ലക്ഷം ഫോളോവേഴ്‌സുള്ള നടി അവസാനമായി പോസ്റ്റ് ചെയ്തത് ജൂലൈയില്‍ ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചതിന്റെ ചിത്രമാണ്.

ഫാന്‍ ചൈനീസ് സര്‍ക്കാരിന്റെ തടങ്കലിലാണെന്ന് വാര്‍ത്ത നല്‍കിയ ചൈനീസ് പത്രം സെക്യൂരിറ്റീസ് ഡെയിലി വിവാദമായതോടെ വാര്‍ത്ത പിന്‍വലിച്ചു. ഇതോടെ സര്‍ക്കാരാണോ പിന്നിലെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയുടെ പോസ്റ്റുകളോ ചിത്രങ്ങളോ എത്താതിരുന്നതിനെത്തുടര്‍ന്നാണ് ഫാനിനെ കാണാതായെന്ന സംശയം ബലപ്പെട്ടത്. പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം അളക്കുന്ന സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ടില്‍ ഫാനിനെതിരെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനവും ഉന്നയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ