scorecardresearch
Latest News

ചൈനയിലെ കോവിഡ് വ്യാപനം: വുഹാനിൽ ഉണ്ടായതിനേക്കാൾ രൂക്ഷം

2019 ഡിസംബറിൽ വുഹാനിൽ ഉണ്ടായ വ്യാപനത്തിനു ശേഷം രാജ്യത്തെ ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ചൈനയിലെ വിവിധ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്

ചൈനയിലെ കോവിഡ് വ്യാപനം: വുഹാനിൽ ഉണ്ടായതിനേക്കാൾ രൂക്ഷം

ന്യൂഡൽഹി: ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം തുടരുകയാണ്. കൂടുതൽ വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം ബെയ്‌ജിങും കടന്ന് രാജ്യത്തെ മറ്റു അഞ്ചു പ്രവിശ്യകളിലേക്കും എത്തിയിരിക്കുകയാണ്. 2019 ഡിസംബറിൽ വുഹാനിൽ ഉണ്ടായ വ്യാപനത്തിനു ശേഷം രാജ്യത്തെ ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ചൈനയിലെ വിവിധ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഇതുവരെ ഏകദേശം 200 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതെല്ലാം ജൂലൈ 20ന് നാൻജിങ് എയർപോർട്ടിൽ സ്ഥിരീകരിച്ച കേസുകളുമായി ബന്ധപ്പെട്ടതാണ്. എയർപോർട്ടിൽ രോഗം കണ്ടെത്തിയതിനു പിന്നാലെ അവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും ആഗസ്റ്റ് 11 വരെ നിർത്തിവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ വ്യാപനത്തിന്റെ ഉറവിടമായ നഗരത്തിൽ ഇപ്പോൾ കൂട്ട പരിശോധനകൾ നടക്കുകയാണ്. പുതിയ നിയന്ത്രണങ്ങളും നിലവിലുണ്ട്.

നഗരത്തിൽ ഭാഗികമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്, താമസക്കാരുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനായി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചില പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. വ്യാപനം തടയുന്നതിന് തയ്യാറെടുപ്പുകൾ സ്വീകരിക്കാതിരുന്നതിന് അധികൃതർ ഇപ്പോൾ വ്യാപകമായ വിമർശനമാണ് നേരിടുന്നത്.

ആരംഭിച്ചത് എങ്ങനെ?

ജൂലൈ 10ന് റഷ്യയിൽ നിന്നുമെത്തിയ വിമാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ ജീവനക്കാരുമായി ബന്ധപ്പെട്ടാണ് കേസുകൾ എല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് നാൻജിങ്ങിൽ നിന്നുള്ള ഒരു ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞതായി, ബിബിസി റിപ്പോർട്ട് ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടുവെന്ന് ചൈനീസ് മാധ്യമമായ സിൻ‌ഹുവ ന്യൂസും റിപ്പോർട്ട് ചെയ്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മുതിർന്ന അച്ചടക്ക സമിതി എയർപോർട്ട് മാനേജ്മെന്റിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തി, “മേൽനോട്ട കുറവും മോശം നടത്തിപ്പും തുടങ്ങിയ പ്രശ്നങ്ങൾ” ഉണ്ടായിരുന്നു എന്ന് പറഞ്ഞു.

“പല പകർച്ചവ്യാധി പ്രതിരോധ നടപടികളും വിശദമായി നടപ്പാക്കിയിട്ടില്ല,” വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇത്തവണ കോവിഡ് ആദ്യം കണ്ടെത്തിയത് പ്രധാനമായും ഗ്രൗണ്ട് സ്റ്റാഫുകൾക്കും എയർക്രാഫ്റ്റ് ക്ലീനിംഗ് ടീമുകൾക്കും ഇടയിലാണ്.”

“അന്താരാഷ്ട്ര വിമാനങ്ങൾ വൃത്തിയാക്കുന്ന ജീവനക്കാരെയും ആഭ്യന്തര വിമാനങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ ജീവനക്കാരെയും വിമാനത്താവള അധികൃതർ വേർതിരിച്ചിരുന്നില്ല, പതിവ് മേൽനോട്ടത്തിൽ അലംഭാവമുണ്ടായി,” പ്രസ്താവനയിൽ പറഞ്ഞു.

അതിനുശേഷമാണ് അൻഹുയി, ഗ്വാങ്‌ഡോംഗ്, ഹുനാൻ, സിചുവാൻ എന്നിവയുൾപ്പടെ ചൈനയിലുടനീളമുള്ള നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും കോവിഡ് വ്യാപിച്ചത്.

Also read: പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചൈനീസ് വാക്സിനുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു

പുതിയ വ്യാപനം ഡെൽറ്റ വകഭേദത്തിനെതിരെ ചൈനീസ് നിർമ്മിത വാക്സിനുകൾ ഫലപ്രാപ്തിതമാണോ എന്ന ചോദ്യം ഉയരാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ രോഗബാധിതരായിരിക്കുന്നവരിൽ എത്രപേർ വാക്സിൻ സ്വീകരിച്ചവരുണ്ടെന്ന് വ്യക്തമല്ല. ഈ അടുത്ത് പല ഏഷ്യൻ രാജ്യങ്ങളും ചൈനീസ് വാക്സിൻ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ക്ലസ്റ്ററിനുള്ള സാധ്യത

രണ്ടാം ക്ലസ്റ്ററിനെ കുറിച്ചുള്ള ആശങ്കകളും വർധിച്ചു വരുന്നുണ്ട്. ഹുനാൻ പ്രവിശ്യയിലെ ഴാങ്ജിയാജി ദേശീയോദ്യാനത്തിൽ നടന്ന ഒരു തത്സമയ ഷോയുമായി ബന്ധപ്പെട്ടണിതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഡാലിയൻ നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ നാൻജിംഗ് വിമാനത്താവളം സന്ദർശിച്ചതിനു ശേഷം ദേശീയോദ്യാനത്തിൽ നടന്ന തത്സമയ പരിപാടിയിൽ പങ്കെടുത്തതായി കരുതുന്നുണ്ട്.

തത്സമയ പരിപാടിയിൽ 3000 പേരോളമാണ് പങ്കെടുത്തത്, ഇവർക്ക് അടുത്തടുത്തായാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നത്. ബെയ്‌ജിങിൽ റിപ്പോർട്ട് ചെയ്ത പല കേസുകൾക്കും പരിപാടിയുമായി ബന്ധമുണ്ട്, 17 ദിവസം തുടർച്ചയായി ഒരു കേസുകളും റിപ്പോർട്ട് ചെയ്യാതിരുന്ന സ്ഥലമാണ് ബെയ്‌ജിങ്‌.

ബുധനാഴ്ച, പ്രവിശ്യയിലെ മുതിർന്ന പാർട്ടി നേതാക്കൾ ജിയാങ്‌സുവിൽ യോഗം ചേർന്ന് കേസുകൾ വർധിച്ചത് ചർച്ച ചെയ്തിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രൊവിൻഷ്യൽ കമ്മിറ്റി അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, നിലവിലെ വ്യാപനം “ഗുരുതരമാണെന്ന്” സമ്മതിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: China witnesses its worst outbreak since wuhan how it happened

Best of Express