ബെയ്ജിങ്: കൊറോണ വൈറസ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയിലെ ഒരു കൂട്ടം വിദഗ്ധർ ഈ ആഴ്ച ചൈനയിലേക്ക്. ഇക്കാര്യം ചൈന തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
വിദഗ്ധർ വ്യാഴാഴ്ച എത്തുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 2019 അവസാനത്തോടെ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ മധ്യ ചൈനീസ് നഗരമായ വുഹാനിലേക്കാണോ സംഘം യാത്ര ചെയ്യുന്നതെന്ന് വ്യക്തമല്ല.
ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് നിർദ്ദിഷ്ട സമയം നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ എല്ലാം തയാറാണെന്നും നാഷനൽ ഹെൽത്ത് കമ്മീഷൻ വൈസ് മിനിസ്റ്റർ സെങ് യിഷിൻ മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധർ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ഷെഡ്യൂൾ ഉറപ്പാക്കുന്നതോടെ അന്വേഷണത്തിനായി തങ്ങളും അവർക്കൊപ്പം വുഹാനിലേക്ക് അനുഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന് വുഹാനിൽ പ്രവേശനം അനുവദിച്ചിരുന്നു.
ലോഗാരോഗ്യ സംഘടനയുടെ ചൈന സന്ദർശനത്തിനായുള്ള ചർച്ചകൾ ഏറെ കാലമായി നടക്കുന്നു. കോവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയിലേക്ക് പുറപ്പെടേണ്ട അന്താരാഷ്‌ട്ര വിദഗ്‌ധ സംഘത്തിന് പ്രവേശന അനുമതി വൈകുന്നതായി ലോകാരോഗ്യ സംഘടന ആരോപിച്ചിരുന്നു. പ്രവേശനത്തിന് അന്തിമ അനുമതി വൈകുന്നതിൽ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അഥാനം ഗെബ്രിയേസസ് പറഞ്ഞിരുന്നു
വൈറസിന്റെ ഉറവിടമായി കരുതുന്ന വുഹാനിലേക്ക് അടക്കം പോകാനുള്ള അന്താരാഷ്ട്ര വിദഗ്‌ധസംഘ അംഗങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ടതിനിടെയാണ് ചൈനയുടെ അന്തിമ അനുമതി വൈകിയിരുന്നത്.
അതെസമയം, തെറ്റിദ്ധാരണമൂലമാണ് ലോകാരോഗ്യ സംഘടനയുടെ വിമർശമെന്നായിരുന്ന ചൈനയുടെ പ്രതികരണം. വിദഗ്‌ധ സംഘത്തിന് പ്രവേശനം നൽകുന്ന സമയത്തിൽ ഇരു കൂട്ടർക്കുമിടയിൽ ഉണ്ടായ ആശയവിനിമയത്തിലെ വിഷയമാണിതെന്നും തീയതി തീരുമാനിക്കുന്നതിൽ ചർച്ച നടക്കുകയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് പറഞ്ഞിരുന്നു.