ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പതിനായിരത്തോളം വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയെ നിരീക്ഷിക്കുന്നതായി കണ്ടെത്തൽ. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. തങ്ങളുടെ ആഗോള ഡാറ്റബേസിലെ ‘ഫോറിന്‍ ടാര്‍ഗറ്റുകളുടെ’ ഷെന്‍ഹ്വാ ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനി ലിമിറ്റഡിന്റെ തത്സമയ നിരീക്ഷണത്തില്‍ വരുന്ന ഇന്ത്യന്‍ ‘ടാര്‍ഗറ്റു’കളുടെ നിരയുടെ, ആഴവും വ്യാപ്തിയും ഞെട്ടിക്കുന്നതാണ്. ബിഗ് ഡാറ്റ ഉപയോഗിച്ചുള്ള ‘ഹൈബ്രിഡ് വാര്‍ഫെയറില്‍ പയനീര്‍’ എന്നും ‘ചൈനീസ് രാഷ്ടത്തിന്റെ പുനരുജ്ജീവനത്തിന്’ എന്നും വിശേഷിപ്പിക്കുന്ന കമ്പനിയ്ക്ക്, ചൈനീസ് സര്‍ക്കാര്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി.
രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ, കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും കുടുംബവും; മുഖ്യമന്ത്രിമാരായ മമത ബാനര്‍ജീ, അശോക് ഗെഹ്ലോട്ട്, അമരേന്ദര്‍ സിംഗ്, ഉദ്ധവ് താക്കറെ, നവീന്‍ പട്നായിക്, ശിവരാജ് സിംഗ് ചൌഹാന്‍; കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, രവി ശങ്കര്‍ പ്രസാദ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍; സംയുക്തസേനാ മേധാവി ബിപിന്‍ സിംഗ് രാവത്, പതിനഞ്ചോളം മുന്‍ കര-വ്യോമ-നാവിക സേനാ മേധാവികള്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ശരദ് ബോബ്ടെ, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍ തുടങ്ങി ലോക്പാല്‍ ജസ്റ്റിസ് പി സി ഘോസേ, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ജി സി മുര്‍മു; സ്റ്റാര്‍ട്ട് അപ്പ് സംരംഭകരായ നിപുന്‍ മെഹ്റ (പേമെന്റ് ആപ്പ് ഭാരത് പേ), ഓത്ബ്രിഡ്ജ് (ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന്‍ സ്ഥാപനം) സ്ഥാപകന്‍ അജയ് ത്രെഹാന്‍, വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റാ, ഗൗതം അദാനി തുടങ്ങിയവര്‍ നിരീക്ഷണത്തില്‍പ്പെടുന്നു.
രാഷ്‌ട്രീയവും ഔദ്യോഗികവുമായ സ്ഥാപനങ്ങളിൽ സ്വാധീനമുള്ള വ്യക്തികൾ കൂടാതെ, വിവധ മേഖലകളിലുള്ള ഇന്ത്യാക്കാര്‍ ഇവരുടെ നിരീക്ഷണവലയത്തിലാണ്. ഇതില്‍ ബ്യൂറോക്രാറ്റുകൾ, ന്യായാധിപന്മാർ, ശാസ്ത്രജ്ഞരും അക്കാദമിക രംഗത്തുള്ളവരും, മാധ്യമപ്രവർത്തകർ, അഭിനേതാക്കൾ, കായികതാരങ്ങൾ, മതനേതാക്കള്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരവാദം, മയക്കുമരുന്ന്, സ്വർണം, വന്യജീവി, ആയുധ കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട നൂറുകണക്കിന് ആളുകളും ഇതില്‍ പെടും.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗം, സൈനിക, സുരക്ഷാ ഏജൻസികളുമായി പ്രവർത്തിക്കുന്നുവെന്ന് ഷെന്‍ഹ്വാ അവകാശപ്പെടുന്നുണ്ട്. ലഡാക്കില്‍ നിയന്ത്രണ രേഖയെ ചൊല്ലിയുള്ള ഇന്ത്യ-ചൈന സംഘര്‍ഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനു ഏറെ പ്രാധാന്യം കൈവരുന്നു.
രണ്ട് മാസത്തിലേറെയായി ഇന്ത്യൻ എക്സ്പ്രസ് ‘ബിഗ് ഡാറ്റാ ടൂള്‍സ്’ ഉപയോഗിച്ച്, ഷെന്‍ഹ്വായുടെ പക്കലുള്ള മെറ്റാ ഡാറ്റയില്‍ നിന്നും ഇന്ത്യന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓവര്‍സീസ് കീ ഇൻഫർമേഷൻ ഡാറ്റാബേസ് (ഓകെഐഡിബി) എന്ന് കമ്പനി വിളിച്ചിരുന്ന ഭീമാകാരമായ ലോഗ് ഫയലുകളില്‍ നിന്നുമാണ് ഇവ കണ്ടെത്തേണ്ടിയിരുന്നത്. അഡ്വാന്‍സഡ് ലാംഗ്വേജ്, ടാര്‍ഗെറ്റിംഗ്, ക്ലാസ്സിഫിക്കേഷന്‍ ടൂള്‍സ് എന്നിവ ഉപയോഗിച്ചിരുന്ന ഈ ഡാറ്റ ബേസില്‍ സ്പഷ്ടമായ മാര്‍ക്കറുകള്‍ ഇല്ലാത്ത നൂറു കണക്കിന് എന്ട്രികള്‍ ഉണ്ടായിരുന്നു.
യു കെ, യു എസ് എ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, യു എ ഇ എന്നിവിടങ്ങളിൽ നിന്നുള്ള എൻട്രികൾ ഇതിലുണ്ട്. തെക്ക് കിഴക്കൻ ചൈനയിലെ ഗോങ്‌ഡോംഗ് പ്രവിശ്യയിലെ ഷെന്‍ഷന്‍ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ ശൃംഖലയ്ക്ക് കമ്പനിയുമായി ബന്ധമുള്ള ഒരു സോര്‍സിലൂടെയാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
‘അപകടസാധ്യതയും സുരക്ഷയും’ കണക്കിലെടുത്ത്, സോര്‍സ് തന്‍റെ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.
ഷെൻഷനിൽ പഠിപ്പിച്ചിരുന്ന, ഇപ്പോള്‍ വിയറ്റ്നാമിലുള്ള, ക്രിസ്റ്റഫർ ബാൽഡിംഗ് എന്ന പ്രൊഫസര്‍ വഴിയാണ് ഈ സോര്‍സ്, ഇന്ത്യൻ എക്സ്പ്രസ്, ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ, ഇറ്റലിയുടെ ഇല്‍ ഫോലിയോ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുമായി ഡാറ്റ പങ്കിട്ടത്.
ഷെന്‍ഹ്വാ ഡാറ്റയുടെ നിരീക്ഷണ പ്രക്രിയയുടെ കേന്ദ്ര ബിന്ദുവായി പറയപ്പെടുന്നത് ‘ഹൈബ്രിഡ് വാര്‍ഫെയര്‍’ എന്നതാണ്. ഡാറ്റ മൈനിംഗ് വഴി, സൈനികേതര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആധിപത്യം നേടുക അല്ലെങ്കിൽ ക്ഷതമേല്‍പ്പിക്കുക, അട്ടിമറിയുണ്ടാക്കുക അല്ലെങ്കില്‍ സ്വാധീനം ചെലുത്തുക. ഇതിനായി അവര്‍ ഉപയോഗിക്കുന്ന ടൂള്‍സിനെ അവരുടെ തന്നെ വാക്കുകളില്‍ ‘ഇന്‍ഫര്‍മേഷന്‍ പൊല്യൂഷന്‍, പെർസെപ്ഷൻ മാനേജ്മെന്റ്, പ്രോപഗാന്‍ഡ’ എന്ന് വിശേഷിപ്പിക്കുന്നു.
2018 ഏപ്രിലിൽ ഷെന്‍ഹ്വാ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെട്ടതായും പല രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 20 പ്രോസസ്സിംഗ് സെന്ററുകൾ ആരംഭിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ചൈനീസ് സർക്കാര്‍, സൈന്യം എന്നിവ ഷെന്‍ഹ്വായുടെ ക്ലയന്റുകളില്‍ ഉള്‍പെടുന്നു.
സെപ്റ്റംബർ 1 ന് കമ്പനിയുടെ വെബ്‌സൈറ്റായ http://www.china-revival.com ൽ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡികളിലേക്ക് അയച്ച വിശദമായ ചോദ്യാവലിയ്ക്ക് പ്രതികരണം ഉണ്ടായില്ല. സെപ്റ്റംബർ 9 ന് കമ്പനി വെബ്‌സൈറ്റ് എടുത്തു മാറ്റി, ഇപ്പോള്‍ സൈറ്റ് ആക്‌സസ്സു ചെയ്യാനാകാത്ത വിധം.
ഷെന്‍ഹ്വാ ഡാറ്റയുടെ ആസ്ഥാനം സന്ദർശിച്ച ഒരു പത്രപ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസിന്റെത് ഉള്‍പ്പടെയുള്ള ചോദ്യങ്ങളുടെ പട്ടിക അവതരിപ്പിച്ചപ്പോൾ, പേര് നൽകാൻ വിസമ്മതിച്ച കമ്പനിയുടെ ഒരു സ്റ്റാഫ് “ക്ഷമിക്കണം, ഈ ചോദ്യങ്ങൾ ഞങ്ങളുടെ വ്യാപാര രഹസ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍, അത് വെളിപ്പെടുത്തുന്നത് സൗകര്യപ്രദമല്ല,” എന്ന് അറിയിച്ചു.
“മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ, വിവരങ്ങൾ, ഇന്റലിജൻസ് എന്നിവ ചൈനീസ് സർക്കാരിനായി ‘ബാക്ക്ഡോര്‍’ വഴിയോ, പ്രാദേശിക നിയമങ്ങൾ ലംഘിച്ചു കൊണ്ടോ ശേഖരിക്കാനോ നൽകാനോ കമ്പനികളോടോ വ്യക്തികളോടോ ചൈന അവശ്യപ്പെട്ടിട്ടില്ല, അവശ്യപ്പെടുകയുമില്ല,” ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിലേ സോര്‍സ് ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ചൈനീസ് സർക്കാരും സൈന്യവും ഷെന്‍ഹ്വാ അവകാശപ്പെടുന്ന പോലെ അവരുടെ ക്ലയന്റുകളാണോ എന്നതും ഷെന്‍ഹ്വായുടെ ഓകെഐഡിബി ഡാറ്റ ചൈനീസ് സർക്കാർ ഉപയോഗിച്ചെങ്കിൽ എന്തിനു വേണ്ടി എന്നതിനും എംബസ്സി സോര്‍സ് മറുപടി നല്‍കിയില്ല.
“വിദേശത്ത് ബിസിനസ്സ് നടത്തുമ്പോൾ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാൻ കമ്പനികളോട് ചൈനീസ് സർക്കാർ ആവശ്യപ്പെടുന്നു എന്നതാണ് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്; ഈ നിലപാട് മാറില്ല,” എന്നും എംബസി സോര്‍സ് പറഞ്ഞു.
വെബിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുക, ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, പേറ്റന്റുകൾ, റിക്രൂട്ട്‌മെന്റ് പൊസിഷനുകള്‍ എന്നിവ ട്രാക്കു ചെയ്യുക തുടങ്ങി വ്യക്തിഗത വിവരങ്ങളും വ്യക്തിബന്ധങ്ങളുടെ ഖനനവും മാപ്പ് ചെയ്യുന്നതുള്‍പ്പെടുന്നതാണ് ഷെന്‍ഹ്വായുടെ മോണിറ്ററിംഗ് സേവനങ്ങൾ. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകള്‍ എന്നിവരുടെ നെറ്റ്‌വർക്കുകൾ, നേതൃത്വ സ്ഥാനങ്ങളിലെ മാറ്റങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഒന്നിലധികം ശ്രോതസ്സുകളില്‍ നിന്നും ശേഖരിക്കപ്പെടുന്നു.
ഓകെഐഡിബിയില്‍ വംശാവലികള്‍ (ഫാമിലി ട്രീ) നിർമ്മിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ല.
ഓകെഐഡിബി ട്രാക്ക് ചെയ്യുന്ന പ്രമുഖരുടെ ബന്ധുക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍; രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭാര്യ ഗുര്‍ഷരന്‍ കൌര്‍, മക്കള്‍ ഉപിന്ദര്‍, ദമന്‍, അമൃത്; സോണിയ ഗാന്ധിയുടെ പരേതനായ ഭര്‍ത്താവ് രാജീവ്, മക്കള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര; സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനി; ഹര്‍സിമ്രത് കൌര്‍ ബാദലിന്റെ ഭര്‍ത്താവ് സുഖ്ബീര്‍ സിംഗ് ബാദല്‍, സഹോദരന്‍ ബിക്രം സിംഗ് മജിതിയ, അച്ഛന്‍ സത്യജിത് സിംഗ് മജിതിയ; അഖിലേഷ് യാദവിന്റെ അച്ഛന്‍ മുലായം സിംഗ് യാദവ്, ഭാര്യ ഡിംപിള്‍, ഭാര്യാപിതാവ് ആര്‍ സി റാവത്ത്, അമ്മാവന്‍മാരായ ശിവ്പാല്‍ സിംഗ്, റാം ഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ്സ് അന്വേഷണത്തില്‍ കണ്ടെത്തി.
മുൻ മുഖ്യമന്ത്രിമാരായ രാമൻ സിംഗ്, അശോക് ചവാൻ, സിദ്ധരാമയ്യ എന്നിവരുംഷെന്‍ഹ്വായുടെ നിരീക്ഷണത്തിലുണ്ട്; രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളില്‍, ഡിഎംകെയുടെ പരേതനായ എം കരുണാനിധി, ബഹുജൻ സമാജ് പാർട്ടിയുടെ പരേതനായ കാൻഷി റാം, ആർജെഡിയുടെ ലാലു പ്രസാദ് യാദവ്. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ഉൾപ്പെടെ 250 ഓളം ഇന്ത്യൻ ബ്യൂറോക്രാറ്റുകളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും തന്ത്രപ്രധാനമായ വിവരങ്ങള്‍ ഡാറ്റാബേസിൽ ഉണ്ട്; നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് തുടങ്ങി 23 ചീഫ് സെക്രട്ടറിമാരും (നിലവിലുള്ളതും റിട്ടയര്‍ ആയതും) ഒരു ഡസനിലധികം (നിലവിലുള്ളതും റിട്ടയര്‍ ആയതും) പോലീസ് മേധാവികളുമുണ്ട്.
പട്ടികയിൽ പേരുള്ള മാധ്യമരംഗത്തുള്ളവര്‍ ഇവരാണ്: കഴിഞ്ഞയാഴ്ച ‘ഹിന്ദു’ ഗ്രൂപ്പ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൻ രവി; ‘സീ ന്യൂസ്’ എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി; ‘ഇന്ത്യ ടുഡേ’ ഗ്രൂപ്പ് കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായി; പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാറു; ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ രാജ് കമൽ ഝാ.
മതം-സംസ്കാരിക-കായിക രംഗത്തെ പ്രധാനികളും നിരീക്ഷണ പട്ടികയിൽ ഇടംപിടിക്കുന്നു. മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ, നർത്തകി സോണൽ മാൻസിംഗ്, മുൻ അകൽ തക്ത് ജതേദർ ഗുർബചൻ സിംഗ്, നിരവധി ബിഷപ്പുമാരും മെത്രോപ്പോലിത്തമാരും, സ്വയംപ്രഖ്യാപിത ആള്‍ദൈവമായ രാധെ മാ (സുഖ്‌വീന്ദർ കൌര്‍); ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലേക്ക് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ബീബി ജാഗിർ കൌര്‍, നിരങ്കാരി മിഷനിലെ ഹർദേവ് സിംഗ് എന്നിവരും നിരീക്ഷിക്കപ്പെടുന്നുണ്ട്.
“ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തില്‍ ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും. അതാണ് വിദേശ രഹസ്യാന്വേഷണത്തിന്റെ ജോലി. എന്നാൽ ബിഗ് ഡാറ്റാ സയൻസും സാങ്കേതികവിദ്യയും ഉപയോഗിച്ച് ബെയ്ജിങ്ങ് അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോയി,” ഷെന്‍ഹ്വായുടെ ഡാറ്റ സെറ്റിന്റെ ഇലക്ട്രോണിക് പൂര്‍വ്വവൃത്താന്തങ്ങള്‍ പരിശോധിക്കാൻ സോര്‍സുമായി പ്രവര്‍ത്തിച്ച കാൻബെറയിലെ സൈബർ സുരക്ഷ, സാങ്കേതിക, ഡാറ്റാ വിദഗ്ധനായ റോബർട്ട് പോട്ടർ പറഞ്ഞു.
“വിവരങ്ങൾ ശേഖരിക്കപ്പെടുന്ന ആളുകളുടെ റേഞ്ച് നോക്കിയാൽ തന്നെ ഹൈബ്രിഡ് വാര്‍ഫെയറിന്റെ തന്ത്രപരമായ മൂല്യത്തെ അവര്‍ എത്രത്തോളം ഗൗരവപരമായി കാണുന്നു എന്ന് മനസ്സിലാവും. ഈ ഇന്‍ഫര്‍മേഷന്‍ അസെറ്റുകളെ, അവരുടെ ജോലിയെ, കുടുംബങ്ങളെ, മുന്നേറ്റങ്ങളെ, നേതൃത്വപരമായ റോളുകളെ, അവരുടെ സംഘടനകളെ എല്ലാം തുടർച്ചയായി ട്രാക്കു ചെയ്യുമ്പോള്‍ ലഭിക്കുന്നത് എണ്ണമറ്റ രീതിയിൽ പ്രയോജനപ്പെടുത്താവുന്ന വിലമതിക്കാനാവാത്ത ഡാറ്റയാണ്” പോട്ടർ പറഞ്ഞു.
Read in IE: China watching: President, PM, key Opposition leaders, Cabinet, CMs, Chief Justice of India…the list goes on