ബെയ്ജിങ്: തെരുവ് വിളക്കിന് പകരമായ് കൃത്രിമ ചന്ദ്രനെ ആകാശത്തേക്ക് അയയ്ക്കാൻ തയ്യാറെടുക്കുകയാണ് ചൈന. 2020ടെ കൃത്രിമ ചന്ദ്രനെ വിക്ഷേപിച്ച് അതിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ചൈനീസ് അധികൃതർ. ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിച്വാൻ പ്രവിശ്യയിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്നാണ് കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുക. ചന്ദ്രന്റെ പ്രകാശത്തിന് സമാനമായാണ് ഈ ഉപഗ്രഹം പ്രകാശിക്കുക, എന്നാൽ ചന്ദ്രനെക്കാൾ എട്ട് മടങ്ങി വെളിച്ചം ഉപഗ്രഹം നൽകുമെന്നാണ് ചൈനയുടെ അവകാശവാദം. സൂര്യനിൽ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക.
പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യ വിക്ഷേപണം. 2022ൽ വാണിജ്യാടിസ്ഥാനത്തിലുളള നിർമ്മാണം ആരംഭിക്കുമെന്ന് ഉപഗ്രഹ നിർമാണത്തിന് നേതൃത്വം വഹിക്കുന്ന ടിയൻ ഫു ന്യു ഏരിയ സയൻസ് സൊസൈറ്റിയുടെ തലവൻ വൂ ചുൻഫെങ് അഭിപ്രായപ്പെട്ടു.
തെരുവ് വിളക്കുകൾക്ക് പകരമായ് കൃത്രിമ ചന്ദ്രൻ ഉപയോഗിക്കുക വഴി 1.2 ബില്യൻ യുവാൻ ലാഭിക്കാൻ കഴിയും. 50 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ള ചാങ്ഡുവിൽ വൈദ്യുതിക്കായ് ചെലവഴിക്കുന്ന തുക 1.2 ബില്യൻ യുവാനാണ്.
സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കൃത്രിമ വെളിച്ചം പുറപ്പെടുവിക്കുന്ന ഉപഗ്രഹം നിർമ്മിക്കാൻ 1990ൽ റഷ്യ ശ്രമിച്ചിരുന്നു. ബാനർ എന്ന പേരിട്ട പദ്ധതിക്കായ് വലിയ കണ്ണാടികളാണ് ഉപയോഗിച്ചത്.