ബെയ്‌ജിങ്: ചൈനയിൽ യാത്രാവിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ചു. ചൈനയിലെ ചോങ്‌കിംഗ് ജിയാങ്‌ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടിബറ്റിലെ നൈൻചിയിലേക്ക് യാത്രക്കൊരുങ്ങിയ ടിബറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 25 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭ്യമായിട്ടില്ലെന്ന്, സർക്കാർ നടത്തുന്ന മാധ്യമമായ സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് മാധ്യമം ട്വിറ്ററിൽ അപകടത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തേഞ്ഞിമാറി കിടക്കുന്ന വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും യാത്രക്കാർ രക്ഷപ്പെടുന്നതും ഫയർ ഫോഴ്‌സ് തീയണക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ. വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കരെയും ഒമ്പത് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്നും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെന്നും ട്വീറ്റിൽ പറയുന്നു.
ആളുകൾ എമർജൻസി വാതിലുകളിലൂടെ പുറത്തുകടക്കുന്നതും ഓടി മാറുന്നതും വീഡിയോയിൽ കാണാം.
വിമാനത്തിലെ തീ അണച്ചതായും റൺവേ അടച്ചതായുംചൈനീസ് മാധ്യമം അറിയിച്ചു.