ന്യൂഡല്‍ഹി: ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ആ ഭീഷണി അവഗണിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി എം പി. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ, ചൈന സൈനികര്‍ ഏറ്റുമുട്ടിയ സാഹചര്യത്തിലാണു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
”ചൈന യുദ്ധത്തിനു തയാറെടുക്കുകയാണ്. അവരുടെ രീതി നോക്കൂ, അവര്‍ യുദ്ധത്തിനു തയാറെടുക്കുകയാണ്. ചൈനയുടെ ഭീഷണി അവഗണിക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല,” ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് വിടുന്ന നേതാക്കളെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. അങ്ങനെ ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
”ചില ആളുകള്‍ക്കു കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ചിലര്‍ക്കു ബിജെപിയെ നേരിടാന്‍ ധൈര്യമില്ലെങ്കില്‍, അവരെ പാര്‍ട്ടി വിടാന്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ക്ക് അവരെ വേണ്ട. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെയും ഫാസിസത്തില്‍ വിശ്വസിക്കാത്തവരെയുമാണു ഞങ്ങള്‍ക്കു വേണ്ടത്,” അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ‘അവസാനിച്ചു’ എന്ന അവകാശവാദത്തോട് പ്രതികരിച്ച രാഹുല്‍, പാര്‍ട്ടിയെ ‘ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല’ എന്ന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബി ജെ പിയെ താഴെയിറക്കാന്‍ പോകുകയാണ്. എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ,” അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലും ഹിന്ദി സംസാരിക്കുന്ന മേഖലകളിലും ഭാരത് ജോഡോ യാത്രയ്ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു രാഹുല്‍ പറഞ്ഞു.
”പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുജനങ്ങളും കോണ്‍ഗ്രസിനെ വളരെയധികം സ്‌നേഹിക്കുന്നുവെന്നു ഞങ്ങള്‍ക്കു മനസിലാക്കാനായി… വിഭാഗീയത മൂലം രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര പരാജയപ്പെടുമെന്നു വിമര്‍ശകര്‍ കരുതി. പക്ഷേ ഇവിടെ വന്‍ വിജയമാണ്, വന്‍ പ്രതികരണമാണു ലഭിച്ചത്,” രാഹുല്‍ പറഞ്ഞു.