ബീജിങ്: യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിനു പിന്നാലെ തായ്‌വാനെ വളഞ്ഞ് ചൈന. സൈനികാഭ്യാസത്തിന്റെ ഭാഗമായി തായ്‌വാന്‍ കടലിടുക്കില്‍ ‘കൃത്യതയാര്‍ന്ന മിസൈല്‍ പ്രയോഗം’ നടത്തിയതായും ഇതുവഴി പ്രതീക്ഷിച്ച ഫലം കൈവരിച്ചതായും ചൈന അവകാശപ്പെട്ടു. ചൈനയുടെ നീകകം മേഖലയിലെ സംഘര്‍ഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തോടൊപ്പം ചൊവ്വാഴ്ച വൈകിയാണു നാന്‍സി പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്. തായ്‌വാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പെലോസി, അവിടുത്തെ ജനാധിപത്യത്തെ വാഴ്ത്തി. സ്വയംഭരണ ദ്വീപിനോടുള്ള പ്രതിബദ്ധത യുഎസ് ഉപേക്ഷിക്കില്ലെന്നും പറഞ്ഞാണു പെലോസി മടങ്ങിയത്.
ചൈനീസ് നാവികസേനാ കപ്പലുകളും സൈനിക വിമാനങ്ങളും ഇന്നു രാവിലെ തായ്‌വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ (ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന രേഖ) മുറിച്ചുകടന്നതായാണു റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തായ്‌വാന്‍ മിസൈല്‍ സംവിധാനങ്ങളും നാവികസേനാ കപ്പലുകളും വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തായ്‌വാനു ചുറ്റുമുള്ള ആറ് മേഖലകളില്‍ മുന്‍പ് കാണാത്ത തരത്തിലുള്ള ലൈവ്-ഫയര്‍ മിലിട്ടറി അഭ്യാസങ്ങള്‍ ചൈന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഇത് ഐക്യരാഷ്ട്രസഭാ നിയമങ്ങളുടെ ലംഘനമാണെന്നും തങ്ങളുടെ അതിര്‍ത്തി പ്രദേശത്തേക്കുള്ള അധിനിവേശമാണെന്നും തായ്‌വാന്‍ ആരോപിച്ചു. ചൈനയുടെ നടപടി സ്വതന്ത്ര വ്യോമ, നാവിക യാത്രമാര്‍ഗങ്ങള്‍ക്കെതിരായ നേരിട്ടുള്ള വെല്ലുവിളിയാണെന്നും തായ്‌വാന്‍ വിശേഷിപ്പിച്ചു.
ഗ്രീനിച്ച് ടൈം പുലര്‍ച്ചെ നാലിന് (ഇന്ത്യന്‍ സമയം രാവിലെ 9.30ന്) ആരംഭിച്ച സൈനികാഭ്യാസം ഞായറാഴ്ച പുലര്‍ച്ചെ നാല് വരെ നീളുമെന്നാണ് ചൈനയുടെ ഔദ്യോഗിക ടെലിവിഷനായ സി സി ടിവി അറിയിച്ചിരിക്കുന്നത്.
ആസൂത്രിത അഭ്യാസങ്ങളുടെ ഭാഗമായി തായ്‌വാന്റെ കിഴക്കന്‍ തീരത്തെ കടലില്‍ പരമ്പരാഗത മിസൈലുകള്‍ പലതവണ പരീക്ഷിച്ചതായി ചൈനയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് അറിയിച്ചു. ഇതിനുശേഷം ബന്ധപ്പെട്ട മേഖലയിലെ കടല്‍, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും കമാന്‍ഡ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, കംബോഡിയയില്‍ ആസിയാന്‍ പരിപാടികള്‍ക്കിടെ ജപ്പാന്‍ വിദേശകാര്യമന്ത്രിയുമായുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ കൂടിക്കാഴ്ച റദ്ദാക്കിയതായി ചൈന അറിയിച്ചു. തായ്വാനിനെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ ചൈനയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പതിവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തായ്വാന്‍ കടലിടുക്കിനു ചുറ്റുമുള്ള സംഘര്‍ഷം സമാധാനപരമായ രീതിയില്‍ പരിഹരിക്കാന്‍ ജപ്പാന്‍ ഉള്‍പ്പെടെയുള്ള ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇന്നലെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.