ബീജിങ്: ചൈനയില്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ 27കാരന്‍ നടത്തിയ അക്രമത്തില്‍ 7 കുട്ടികള്‍ കൊല്ലപ്പെട്ടു. 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അഞ്ച് പെണ്‍കുട്ടികള്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. 13നും 15നും ഇടയിലുളള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാങ്സിയിലെ മിഴി കൗണ്ടി നമ്പര്‍ ത്രീ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അക്രമി പൊലീസ് പിടിയിലായിട്ടുണ്ട്.

ഇയാള്‍ മുമ്പ് സ്കൂളില്‍ അധിക്ഷേപത്തിന് ഇരയായതിന്റെ പ്രതികാരമായാണ് കുട്ടികളെ ആക്രമിച്ചതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.കുട്ടികളുടെ മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ പൊലീസ് പിടികൂടുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈനയിലെ കത്തി ആക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 2010നും 2012നും ഇടയില്‍ മാത്രം സ്കൂളുകളില്‍ നടന്ന ആക്രമത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുണ്‍മിംഗ് സ്റ്റേഷനില്‍ 29 പേര്‍ കൊല്ലപ്പെട്ട കത്തിക്കുത്ത് ആക്രമണത്തിലെ മൂന്ന് പ്രതികളെ 2015ല്‍ തൂക്കിലേറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ