ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശനിലയം ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞമർന്നു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8:15 നാണ് (ഇന്ത്യന്‍ സമയം ആറ് മണിയോടെ) ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഇതിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചയുടൻ തന്നെ കത്തിയമർന്നുവെന്നും ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു.

ടിയാന്‍ഗോങ് 1 ഇന്നു ഭൂമിയിൽ പതിക്കുമെന്ന് ചൈന ഇന്നലെ അറിയിച്ചിരുന്നു. ബ്രസീലിയൻ തീരത്ത് ദക്ഷിണ അറ്റ്‌ലാന്റിക്കിനു സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകർന്നുവീഴുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് 1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്. ബഹിരാകാശ ഗവേഷണങ്ങൾക്കായി സ്വന്തമായൊരു ബഹിരാകാശ നിലയം എന്ന ചൈനയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് 2011 ൽ ടിയാന്‍ഗോങ് 1വിക്ഷേപിച്ചത്. വന്‍ശക്തികളായ റഷ്യക്കും അമേരിക്കയ്ക്കും ഒപ്പം എത്തുകയായിരുന്നു ഇതിലൂടെ ചൈനയുടെ ലക്ഷ്യം.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു.

പക്ഷേ 2016 സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. വൈകാതെ തന്നെ ഭൂമിയിലേക്ക് പതിക്കുമെന്നും ചൈന അറിയിച്ചു.

2003 ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്നത്. 2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചിലവഴിച്ചിരുന്നു. ടിയാന്‍ഗോങ് 1ന്റെ പരാജയത്തെ തുടർന്നും ചൈന വെറുതെ ഇരിക്കാൻ തീരുമാനിച്ചിട്ടില്ല. ടിയാന്‍ഗോങ് 1 പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് 2016 സെപ്റ്റംബറിൽ ചൈന ടിയാന്‍ഗോങ് 2 സ്ഥാപിച്ചിട്ടുണ്ട്. ടിയാന്‍ഗോങ് 2ലേക്ക് രണ്ട് ബഹിരാകാശ യാത്രികരേയും ചൈന അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ