ന്യൂഡല്‍ഹി: ഇന്ത്യയുമായി ഒരു ഔപചാരിക ചര്‍ച്ച നടത്തേണ്ട സാഹചര്യമല്ല നിലവിലുളളതെന്ന് ചൈന. ജര്‍മ്മനിയിലെ ഹംബര്‍ഗില്‍ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിലുളള കൂടിക്കാഴ്ച്ച നാളെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. സിക്കിം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
ജി20 ഉച്ചകോടിക്കായി നരേന്ദ്രമോദി ഇന്ന് രാത്രിയാണ് ജര്‍മ്മനിയിലെത്തുന്നത്. ഇരു നേതാക്കളും മറ്റ് ലോകനേതാക്കളുമായി ഉച്ചകോടിയില്‍ ചര്‍ച്ച നടത്തും. ഔപചാരിക കൂടിക്കാഴ്ച്ച നടത്തില്ലെന്നാണ് ചൈന വ്യക്തമാക്കിയതെങ്കിലും അനൗപചാരിക ചര്‍ച്ചയ്ക്കുളള സാധ്യത സര്‍ക്കാര്‍വൃത്തങ്ങള്‍ തളളിക്കളയുന്നില്ല.
സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയെ ഏറ്റവും കയ്പേറിയ പാഠം പഠിപ്പിക്കണമെന്നും ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് വഴി ചൈന ഭീഷണിയുയര്‍ത്തി. സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോയാൽ 1962 ലേതിനേക്കാൾ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകും. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം.
ജൂൺ ആറിന് സിക്കിമിൽ ശക്തമായ തർക്കം ആരംഭിച്ചപ്പോൾ മുതൽ ചൈനീസ് മാധ്യമങ്ങൾ പ്രകോപനപരമായ പ്രസ്താവനകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഭൂട്ടാൻ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യയാണ് ഭൂട്ടാന് സൈനിക സഹായം നൽകുന്നത്.