ബെയ്ജിങ്: ശനിയാഴ്ച ചൈനയിൽ 2,641 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിശാലമായ രോഗനിർണയ രീതി നടപ്പിലാക്കിയതിനുശേഷം അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതായി ചൈന അവകാശപ്പെടുന്നു.

ചൈനയിൽ ഇന്നലെ 143 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 1,523 ആയി. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് ഇപ്പോൾ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 66,492 ആണ്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഒരോരുത്തര്‍ മരിച്ചിരുന്നു.

ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. കൊറോണ സ്ഥിരീകരിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഈജിപ്ത് ആണ്.

Read More: ചെന്നൈയിലെ സി‌എ‌എ വിരുദ്ധ പ്രകടനം: പൊലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്ക്

പുതിയതരം കൊറോണ വൈറസിന് കോവിഡ്-19 (COVID-19) എന്നാണ് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്. കൊറോണ (CO) വൈറസ്(VI) ഡിസീസ് (D) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഒരു മേഖലയെയോ മൃഗത്തിന്റെയോ വ്യക്തിയുടെയോ ഒരു സംഘം ആളുകളുടെയോ അല്ലാത്ത ഒരു പേരു തിരഞ്ഞെടുക്കുകയായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ പറഞ്ഞു.

അതേസമയം കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് രോഗം പടരുന്നതാണ് ഇപ്പോള്‍ ചൈനയെ വലയ്ക്കുന്നത്. ആറു മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ മൂലം ഇതുവരെ ചൈനയില്‍ മരിച്ചത്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷയ്ക്കായി മാസ്‌കുകളും മറ്റും നല്‍കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

ഫെബ്രുവരി ആദ്യം കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ കൊറോണ മൂലം മരണപ്പെട്ടിരുന്നു.

അതേസമയം ജപ്പാനില്‍ തടഞ്ഞിട്ട കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നുപേരും ജപ്പാനിലെ ആശുപത്രിയിലാണുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജപ്പാന്‍ ഭരണകൂടവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook