വുഹാൻ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗബാധ ചൈനയിലും. ബ്രിട്ടനിൽ നിന്ന് എത്തിയ 23 കാരിയിലാണ് അതിതീവ്ര കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിൽ ആദ്യമായാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഡിസംബർ 14 നാണ് 23 കാരിക്ക് ടെസ്റ്റ് നടത്തിയത്. ഷാൻഗായിൽ വച്ച് നടത്തിയ ടെസ്റ്റിൽ യുവതിയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് സെന്റർ ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പബ്ലിക്കേഷനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ നിന്നും ബ്രിട്ടനിലേക്കുമുള്ള വിമാനങ്ങൾ വിവിധ രാജ്യങ്ങൾ നേരത്തെ റദ്ദാക്കിയിട്ടുണ്ട്. 40 ശതമാനം മുതൽ 70 ശതമാനം വരെ വ്യാപനശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്.
Read Also: അതിതീവ്ര കൊറോണ വൈറസ്: രാജ്യത്ത് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്ന ചൈനയ്‌ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗബാധ കൂടി സ്ഥിരീകരിച്ചത് വലിയ വെല്ലുവിളിയാകുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്നുള്ളതുമായ എല്ലാ വിമാന സർവീസകളും ചൈന ഉടൻ റദ്ദാക്കാനാണ് സാധ്യത.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടി ഇപ്പോൾ മെഡിക്കൽ ഇൻസ്‌റ്റിറ്റ‌്യൂഷൻ ക്വാറന്റൈനിലാണ്. രോഗബാധിതയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നതായും ഈ പബ്ലിക്കേഷനിൽ പറയുന്നു.