ബെയ്ജിങ്: ഞായറാഴ്ച ചൈനയിൽ പുതുതായി 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രിൽ മാസത്തിനു ശേഷം ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്.

ഈവർഷം ആദ്യം ഏർപ്പെടുത്തിയ കർശന ലോക്ക്ഡൌണിന്റെ ഭാഗമായി ചൈനയിൽ വൈറസ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ ബെയ്‌ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിലുള്ള ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലാണ് ചൈന.

കോവിഡ് സ്ഥിരീകരിച്ച 57 പേരിൽ 36 പേരും ബെയ്ജിങ്ങിൽ തന്നെ ഉള്ളവരാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.

ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു രണ്ട് കേസുകൾ വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലാണെന്നും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. അവർ ബെയ്ജിങ്ങിലെ കോവിഡ് രോഗികളുമായി സമ്മർക്കം പുലർത്തിയവരാണ്.

Read More: സമ്പർക്ക വ്യാപന ഭീഷണിയും പ്രാദേശിക നിയന്ത്രണങ്ങളും: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

വീണ്ടും വൈറസ് പടരുമോ എന്ന ആശങ്കയിൽ, മാർക്കറ്റിന് സമീപം താമസിക്കുന്നവരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ ലോക്ക്ഡൌണിലേക്ക് കടക്കുകയാണ് ചൈനീസ് ഭരണകൂടം.

ബെയ്‌ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിലെ തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് പുതിയ കോവിഡ് കേസുകൾ രാജ്യത്തുണ്ടെന്ന് അറിയാൻ സാധിച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്ക് എങ്ങനെ കോവിഡ് ബാധിച്ചെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മാർക്കറ്റ് അടച്ചു. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത്. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,634 ആയി.

അതേസമയം, ചൈനയ്‌ക്കെതിരെ അമേരിക്ക നേരത്തെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്നും ചൈനയാണ് ഇതിനു പിന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ആരോപിച്ചിരുന്നു. കോവിഡ് കണക്കുകൾ ചൈന പൂഴ്‌ത്തിവയ്‌ക്കുകയാണെന്നും ട്രംപ് ആരോപിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആരോപണങ്ങളെ ചൈന ആദ്യംമുതൽ തന്നെ എതിർക്കുന്നുണ്ട്.

വുഹാൻ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വൈസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook