ബെയ്‌ജിങ്: ചൈനയിൽ പുതിയ കോവിഡ്-19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണമില്ലാത്ത ഏഴ് പേരിൽ കൊറോണ വൈറസുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഒരു ഇടവേളയ്‌ക്കു ശേഷം ചൈനയിൽ വീണ്ടും കോവിഡ് മഹാമാരി പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം. തലസ്ഥാനമായ ബെയ്‌ജിങ്ങിലാണ് ഏഴ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. ബെയ്‌ജിങ്ങിലെ ആറോളം ജനവാസ കേന്ദ്രങ്ങളിലാണ് രോഗബാധിതരുള്ളത്. ഇവിടെ വീണ്ടും സമ്പൂർണ അടച്ചുപൂട്ടൽ നടപ്പിലാക്കി.

Read Also: കോവിഡ് പ്രതിരോധം: സാമൂഹിക അകലത്തെക്കാൾ ഫലപ്രദം മാസ്ക് ധരിക്കുന്നതെന്ന് പഠനം

ബെയ്‌ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിലെ തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് പുതിയ കോവിഡ് കേസുകൾ രാജ്യത്തുണ്ടെന്ന് അറിയാൻ സാധിച്ചത്. മാർക്കറ്റിലെ തൊഴിലാളികൾക്ക് എങ്ങനെ കോവിഡ് ബാധിച്ചെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. മാർക്കറ്റ് അടച്ചു. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത്. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,634 ആയി.

Read Also: കോവിഡ് രോഗിയെ പേരുമാറി ഡിസ്‌ചാർജ് ചെയ്‌തു; ആശങ്ക

അതേസമയം, ചൈനയ്‌ക്കെതിരെ അമേരിക്ക നേരത്തെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് മനുഷ്യനിർമിതമാണെന്നും ചൈനയാണ് ഇതിനു പിന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ആരോപിച്ചിരുന്നു. കോവിഡ് കണക്കുകൾ ചൈന പൂഴ്‌ത്തിവയ്‌ക്കുകയാണെന്നും ട്രംപ് ആരോപിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആരോപണങ്ങളെ ചൈന ആദ്യംമുതൽ തന്നെ എതിർക്കുന്നുണ്ട്.

വുഹാൻ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വൈസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook