ന്യൂഡൽഹി: തിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയുടെ അരുണാചൽപ്രദേശ് സന്ദർശനം പ്രഖ്യാപിച്ചതിന് പിന്നാലെ, അരുണാചൽ സംസ്ഥാനത്തെ ആറ് പ്രദേശങ്ങൾ ചൈന പുനർ നാമകണം ചെയ്തു. ഇന്ത്യയുടെ അധികാര പരിധിയിലുള് സ്ഥലവുമായി ബന്ധപ്പെട്ട നേരത്തേ തന്നെ ചൈന അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് പ്രദേശങ്ങളുടെ പേര് മാറ്റി ചൈന പുതിയ നീക്കം നടത്തിയത്.

ജനസംഖ്യാ കണക്കെടുപ്പിന് ശേഷമുള്ള സ്വാഭാവിക നടപടിയെന്നാണ് ഇതിനെ ചൈന വിശേഷിപ്പിച്ച്. ഈ പ്രദേശം ഇന്ത്യയുടെ കൈവശമാണെങ്കിലും ചൈന ഇത് തങ്ങളുടെ അധിനമേഖലയായാണ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ദലൈ ലാമയെ തിബറ്റൻ ജനതയെ സന്ദർശിക്കുന്നതിന് സൗകര്യം ഒരുക്കിയത് കേന്ദ്ര സർക്കാരാണ്.

ചൈനയിലെ പൗരാവകാശ വകുപ്പാണ് സ്ഥലങ്ങൾ പുനർ നാമകരണം ചെയ്തത്. ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യുന്ന നടപടികൾ കാര്യക്ഷമമാക്കുന്നതിന് ദക്ഷിണ തിബറ്റൻ മേഖലയിലെ ആറിടങ്ങൾ പുനർ നാമകരണം ചെയ്തെന്നാണ് ചൈന അറിയിച്ചത്. വോ ഗെയ്ൻലിംഗ്, മില റി, ക്വെയ്ദെൻഗാർബോ റി, മെയ്ൻകുക, ബുമോ ല,നാംകപുബ് റി എന്നിങ്ങനെയാണ് സ്ഥലങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.

ഈ സ്ഥലങ്ങളുടെ അക്ഷാംശ-രേഖാംശ വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഇത് അരുണാചൽ സംസ്ഥാനത്തിലെ ഭാഗങ്ങളാണെന്ന് വ്യക്തമായത്. സംസ്ഥാനത്താകമാനം പരന്നിരിക്കുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. വോ ഗെയ്ൻലിംഗ് സംസ്ഥാനത്തിന്റെ പടിഞ്ഞാറും, ബുമോ ലാ കിഴക്കുമാണ്. സംസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള നാലിടങ്ങളാണ് മറ്റുള്ളവ.

ചൈനയ്ക്ക് ഇന്ത്യ-ചൈന അതിർത്തിയെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് പത്രസമ്മേളനം വിളിച്ചു ചേർത്ത ചൈനീസ് വക്താവ് ലു കാംഗ് പറഞ്ഞു. ഇത് ദലൈ ലാമയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള നടപടിയാണോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരരമല്ല ലു കാംഗ് പറഞ്ഞത്. “ദേശീയ ജനസംഖ്യ കണക്കെടുപ്പ് രണ്ടാം വട്ടം എടുക്കാൻ ചൈന ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പേരുകൾ സംബന്ധിച്ച ഒരു ഗവേഷണം നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംഘം പഠനം നടത്തിയ ശേഷം ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിൽ അതിന് യോജിച്ച സ്ഥലനാമങ്ങൾ ഇടുമെന്ന്”​അദ്ദേഹം വ്യക്തമാക്കി. ദലൈ ലാമയുടെ സന്ദർശനം ഇന്ത്യ – ചൈന ബന്ധം വഷളാക്കിയതായി ലു കാംഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ