ന്യൂഡൽഹി: ദോക്ക്‌ലാം അതിർത്തി തർക്കത്തിൽ ഇന്ത്യക്ക് എതിരെ ശക്തമായ താക്കീതുമായി ചൈന രംഗത്ത്. ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യൻ സൈന്യം അതിക്രമിച്ചു കടന്നിരിക്കുകയാണ് എന്നും , ഉടൻ ഇവിടെ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ പതിനഞ്ച് പേജോളം വരുന്ന പ്രസ്താവനയിലാണ് ചൈനയുടെ മുന്നറിയിപ്പ്.

ചൈനീസ് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ശക്തമായ ഭാഷയിലാണ് ചൈനയുടെ പ്രതികരണം. ഇന്ത്യൻ സൈന്യം തങ്ങളുടെ അതിർത്തിയിലേക്ക് കടന്നു കയറി എന്ന് തെളിയിക്കുന്നതിനായി ഒരു ചിത്രവും എംബസി പുറത്തുവിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂപടവും ചൈന പുറത്ത് വിട്ടിട്ടുണ്ട്. ദോക്ക്‌ലോമിലെ റോഡ് നിർമ്മാണം തടയാൻ 270 സൈനികരെ ഇന്ത്യ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. സൈനീക വിന്യാസം ഇന്ത്യ വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. തങ്ങളുടെ അതിർത്തിയിലേക്ക് കടന്നുകയറ്റം തുടർന്നാൽ ശക്തമായ പ്രത്യാഖാതം നേരിടേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ കഴിഞ്ഞയാഴ്ച ബെയ്ജിംഗിലെത്തി ചൈനീസ് പ്രതിനിധിയുമായി ചർച്ച നടത്തിയതിനു ശേഷവും ചൈന ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് അസ്വാഭാവികമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ