ബേണ്‍: എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ചൈന. ആണവനിർവ്യാപന കരാറിൽ ഒപ്പുവച്ചാൽ മാത്രമേ ഇന്ത്യക്ക് അംഗത്വം നൽകാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചൈന. സ്വിറ്റ്‌സര്‍ലന്റിലെ ബേണില്‍ നടന്ന എന്‍എസ്ജി അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാട് ചൈനീസ് വക്താവ് ജെംഗ് ഷുവാംഗ് ആവര്‍ത്തിച്ചത്.

‘കൃത്യമായ നിയമങ്ങള്‍ പാലിച്ചേ എന്‍സിജി പ്രവേശനം സാധ്യമാവുകയുള്ളൂ. 2016ലെ സോള്‍ പ്ളീനറിയില്‍ വെച്ച് തന്നെ എന്‍സിജി അംഗത്വ മാനദണ്ഡങ്ങളെകുറിച്ച് വ്യക്തമാക്കിയതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് അംഗത്വംനല്‍കുന്നത് സംബന്ധിച്ച സാങ്കേതിക, നിയമ, രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തിയേ തീരുമാനമെടുക്കാനാവൂ’ ചൈനീസ് വക്താവ് വ്യക്തമാക്കുന്നു.

നിര്‍ണായക സമ്മേളനം വെള്ളിയാഴ്ച്ച സമാപിക്കാനിരിക്കെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് ചൈന ആവര്‍ത്തിച്ചത്. ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരപാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഇന്ത്യയെ എൻഎസ്ജിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചതായി വാർത്തയുണ്ടായിരുന്നു.

തുടർന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. യുഎസ് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആണവനിർവ്യാപന കരാറിൽ ഒപ്പുവച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് അംഗത്വം നൽകാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ചൈന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ