പുൽവാമയിലെ ഭീകരാക്രമണത്തിൽ അതീവ നടുക്കം രേഖപ്പെടുത്തിയ ചൈന എന്നാൽ ജയ്ഷെ മുഹമ്മദിന്റെ കാര്യത്തിൽ ഒരിക്കൽ കൂടി പതിവ് പല്ലവി ആവർത്തിക്കുന്നു. ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഇത്തവണയും ചൈന തള്ളി.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതേ തുടർന്നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമായത്. എന്നാൽ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ അവ്യക്തമായ ഉത്തരമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി നൽകിയത്.

“ഭീകരസംഘടനകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ രക്ഷാസമിതി അംഗങ്ങൾക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. സമിതിയുടെ നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ ജയ്ഷെ മുഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപരോധം സംബന്ധിച്ച വിഷയങ്ങൾ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി ചൈന കൈകാര്യം ചെയ്യും,” ജെങ് ഷുവാങ് പറഞ്ഞു.

ഇന്ത്യൻ എയർലൈൻ ഫ്ലൈറ്റ് റാഞ്ചി ബന്ധിക്കളാക്കിയ യാത്രക്കാരെ വിട്ടയയ്ക്കുന്നതിനായി 1999ൽ ഇന്ത്യ മസൂദ് അസ്ഹ്‌റിനെയും വിട്ടയിച്ചിരുന്നു. മുഷ്തഖ് അഹമ്മദ് സർഗാർ, ഒമർ ഷെയ്ഖ് എന്നിവരോടൊപ്പമാണ് അന്ന് വാജ്പെയ് സർക്കർ മസൂദിനെയും വിട്ടയച്ചത്. അസ്‌ഹറിനെ ഭീകരരുടെ പട്ടികയിൽപെടുത്തി വിലക്കേർപ്പെടുത്താനുള്ള ശ്രമം 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആരംഭിച്ചിരുന്നു.

യു എന്നിൽ യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈന പാക്കിസ്ഥാൻ നിലപാടിനെയാണു പിന്തുണയ്ക്കുന്നത്. അസ്‌ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തുന്നതിൽ രക്ഷാസമിതി അംഗങ്ങൾക്കിടയിൽ ഏകാഭിപ്രായമില്ലെന്നാണു ചൈനയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ