കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആദ്യകാല കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചതായി അന്വേഷണ സംഘത്തിലെ അംഗമായ ഓസ്ട്രേലിയൻ ആരോഗ്യ വിദഗ്ധൻ. സംഘത്തിലുണ്ടായിരുന്ന അണുബാധാ വിദഗ്ധനായ ഡൊമിനിക് ഡ്വയറാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് രോഗബാധയുടെ തുടക്കം എങ്ങനെയെന്നുള്ള അന്വേഷണം കൂടുതൽ സങ്കീർണമാവാൻ ചൈനയുടെ ഈ നിലപാട് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആദ്യഘട്ടത്തിൽ ചൈന തിരിച്ചറിഞ്ഞ 174 കോവിഡ് കേസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകാനാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ അസംസ്കൃത വിരങ്ങൾ നൽകുന്നതിന് പകരം ആ രോഗബാധകൾ സംബന്ധിച്ച ഒരു സംഗ്രഹം മാത്രമേ ചൈനീസ് അധികൃതർ നൽകിയിട്ടുള്ളൂവെന്ന് ഡൊമിനിക് ഡ്വയർ പറഞ്ഞു.
Read More: ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദവും ആസ്ട്രസെനക വാക്സിനിന്റെ ഫലപ്രാപ്തിയും
“ലൈൻ ലിസ്റ്റിംഗുകൾ” എന്നാണ് അത്തരം അത്തരം അസംസ്കൃത വിവരങ്ങളെ വിളിക്കുന്നതെന്നും, സാധാരണ ഗതിയിൽ അവ രഹസ്യമാക്കി വയ്ക്കാറാണെന്നും ഡ്വയർ പറഞ്ഞു. രോഗികളോട് എന്തെല്ലാം ചോദ്യങ്ങൾ ചോദിച്ചു, അവരുടെ പ്രതികരണങ്ങൾ എന്തായിരുന്നു, അവ എങ്ങനെ വിശകലനം ചെയ്തു തുടങ്ങിയ വിശദാംശങ്ങളാണ് അത്തരം വിവരങ്ങളിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സാധാരണ ചെയ്യാറുള്ള കാര്യമാണിത്,” എന്നും അസംസ്കൃത വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയെക്കുറിച്ച് അദ്ദേഹം സിഡ്നിയിൽ നിന്നുള്ള വീഡിയോ കോളിൽ റോയിറ്റേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ സിഡ്നിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഡ്വയർ.
വുഹാനിലെ ഒരു സീഫുഡ് സമുദ്രോൽപന്ന മൊത്തവ്യാപാര കേന്ദ്രത്തിലാണ് ആദ്യമായി രോഗബാധ കണ്ടെത്തിയത്. നിലവിൽ ആ കമ്പോളം അടച്ചിട്ടിരിക്കുകയാണ്. 174 കേസുകളിൽ പകുതിയും വുഹാനിലെ കമ്പോളവുമായി ബന്ധപ്പെട്ടവരുടേതാണെന്നതിനാൽ അസംസ്കൃത വിവരങ്ങൾ ലഭ്യമാവുന്നത് വളരെ പ്രധാനമാണെന്ന് ഡ്വയർ പറഞ്ഞു.”അതുകൊണ്ടാണ് ഞങ്ങൾ വീണ്ടും വീണ്ടും അത് ചോദിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
Read More: ‘കൊറോണ വൈറസിന്റ ഉത്ഭവം ചൈനയല്ല ‘; 2019ൽ മറ്റു രാജ്യങ്ങളിലും അണുബാധ പോട്ടിപ്പുറപ്പെട്ടതായി ചൈന
“എന്തുകൊണ്ടാണ് അത് നടക്കാത്തത്, എനിക്ക് അഭിപ്രായം പറയാൻ കഴിഞ്ഞില്ല. അതിന് രാഷ്ട്രീയപ്രശ്നമുണ്ടോ സമയമില്ലാത്തതാണോ അല്ലെങ്കിൽ ബുദ്ധിമുട്ടാണോ… മറ്റെന്തെങ്കിലും കാരണമുണ്ടോ ആ വിവരങ്ങൾ ലഭ്യമല്ലാതിരിക്കാൻ, എനിക്കറിയില്ല. ഊഹിക്കാൻ മാത്രമേ കഴിയൂ,” ഡ്വയർ പറഞ്ഞു.
ചൈനീസ് അധികാരികൾ ധാരാളം വിവരങ്ങൾ നൽകുമ്പോൾ, രോഗികളുടെ അസംസ്കൃത വിവരങ്ങൾ ലഭ്യമാക്കാത്ത പ്രശ്നം സംഘത്തിന്റെ അന്തിമ റിപ്പോർട്ടിൽ പരാമർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ വർഷം മൊത്തം ലഭിച്ചതിനേക്കാൾ വളരെയധികം വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചുവെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് തീർച്ചയായും തോന്നി. അതിനാൽ തന്നെ ഇത് ഒരു മുന്നേറ്റമാണ്,” ഡ്വയർ പറയുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ ഒരു സംഗ്രഹം അടുത്ത ആഴ്ച്ച തന്നെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചിരുന്നു.
Read More: വിഷാദവും മാനസിക സമ്മർദ്ദവും കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാമെന്ന് പഠനം
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൈനയിലെത്തുന്നതിൽ വളരെയധികം കാലതാമസം നേരിട്ടിരുന്നു. ചൈനയിലേക്ക് പ്രവേശനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ, ചൈനയും യുഎസും തമ്മിലുള്ള കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ മാസങ്ങളോളം നീണ്ട ഈ കാലതാമസത്തിന് കാരണമായി. രോഗബാധയുടെ പ്രാരംഭ ഘട്ടത്തിൽ അതിന്റെ വ്യാപ്തി ചൈന മറച്ചുവെച്ചതായി യുഎസ് ആരോപിച്ചിരുന്നു. രോഗബാധയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനീസ് ഗവേഷകർ ആദ്യഘട്ട ഗവേഷണം നടത്തിയിരുന്നു.
ഈ വർഷം ജനുവരിയിൽ ചൈനയിലെത്തിയ ഡബ്ല്യുഎച്ച്ഒ സംഘം കോവിഡ് -19 രോഗബാധയുടെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങൾക്കായി നാല് ആഴ്ച ചൈനയിൽ ചെലവഴിച്ചു. ചൈനീസ് ആതിഥേയർ എത്തിച്ചവരിൽ നിന്ന് മാത്രമാണ് അന്വേഷണ സംഘത്തിന് വിവരങ്ങൾ അന്വേഷിക്കാൻ സാധിച്ചത്. ആരോഗ്യപരമായ കാരണങ്ങളുള്ളതിനാൽ സമൂഹത്തിൽ നിന്നുള്ള വിവരശേഖരണത്തിൽ നിന്ന് അന്വേഷണ സംഘത്തെ തടയുകയും ചെയ്തിരുന്നു. സന്ദർശനത്തിന്റെ ആദ്യത്ത രണ്ടാഴ്ച സംഘം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ
ആദ്യകാല കോവിഡ്-19 കേസുകളുടെ അസംസ്കൃത ഡാറ്റ കൈമാറാൻ ചൈന വിസമ്മതിച്ചതായി വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ അഭിപ്രായം തേടി ലോകാരോഗ്യ സംഘടനയ്ക്ക് സന്ദേശമയച്ചെങ്കിലും സംഘടന മറുപടി നൽകിയില്ലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച സന്ദേശത്തിന് ഉടൻ മറുപടി നൽകിയില്ല. എന്നാൽ കോവിഡ് രോഗബാധ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയെയും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും ചൂണ്ടിക്കാട്ടി ചൈന മുൻപ് സ്വയം പ്രതിരോധിച്ചിരുന്നു.