/indian-express-malayalam/media/media_files/uploads/2018/04/china.jpg)
ബെയ്ജിങ്: നാലു വയസുകാരനെ ഇടങ്കാലുപയോഗിച്ച് ഗർഭിണിയായ യുവതി വീഴ്ത്തുന്നതിന്റെ ദൃശ്യം പുറത്ത്. കുസൃതിക്കാരനായ കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ട്. ചൈനയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിന്റെ വീഡിയോ. വീഡിയോ വാറലായതോടെ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേരെത്തി.
ചൈനയിലെ ഒരു റസ്റ്ററന്റിൽ വച്ചായിരുന്നു സംഭവം. റസ്റ്ററന്റിന്റെ വാതിൽ അശ്രദ്ധയോടെ കുട്ടി തുറന്നപ്പോൾ അതിലുണ്ടായ പ്ലാസ്റ്റിക് കർട്ടൻ ഗർഭിണിയുടെ ശരീരത്തിൽ തട്ടി. കഴിച്ചു കൊണ്ടിരുന്ന ഭക്ഷണവും യുവതിയുടെ ദേഹത്ത് തെറിച്ചു. യുവതിക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് റസ്റ്ററന്റിൽനിന്നും പുറത്തേക്ക് പോകാനായി വാതിലിന്റെ സമീപം കുട്ടി എത്തിയപ്പോൾ യുവതി ഇടങ്കാലുപയോഗിച്ച് കുട്ടിയെ വീഴ്ത്തുകയായിരുന്നു.
താഴെ വീണ കുട്ടിയെ സഹായിക്കാൻ ഗർഭിണിയോ ഭർത്താവോ തയ്യാറായില്ല. അവർ ഭക്ഷണം കഴിക്കുന്നത് തുടർന്നു. മകൻ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയാണ് കുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചത്. വീഴ്ചയിൽ പരുക്കേറ്റ കുട്ടി രണ്ടു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്നെ ആരോ തട്ടി വീഴ്ത്തിയതാണെന്ന് കുട്ടി അമ്മയോട് പറഞ്ഞത് അനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയുടെ അമ്മ ഇക്കാര്യം പൊലീസിനെ അറിയിച്ചു. 'യുവതിയെ 10 ദിവസം കസ്റ്റഡിയിൽ എടുക്കാമെന്നും 10,500 രൂപ പിഴ ചുമത്താമെന്നും പൊലീസ് പറഞ്ഞു. പക്ഷേ അവർ ഏഴു മാസം ഗർഭിണിയാണ്. ഈ സമയത്ത് അവരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കുന്നത് ശരിയല്ല. എനിക്കും കുട്ടികളുണ്ട്. ആ അവസ്ഥ എനിക്ക് മനസിലാകും' കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം, യുവതി പൊലീസിനെ സമീപിച്ച് കുട്ടിയുടെ മുഴുവൻ ചികിൽസാ ചെലവുകൾ വഹിക്കാമെന്ന് അറിയിച്ചതായും കുട്ടിയുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.