ന്യൂഡൽഹി: പാക്കിസ്ഥാനുമായുളള സൈനിക സഹകരണം വിപുലപ്പെടുത്താനുളള ചൈനീസ് നീക്കം ഇന്ത്യയുടെ അഗ്നി V മിസൈലിനെതിരായാണെന്ന് വിലയിരുത്തൽ. 5000 കിലോമീറ്റർ ദൈർഘ്യമുളള ദീർഘദൂര മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തതോടെ ചൈനയിൽ എവിടേക്കും ഇന്ത്യയിൽ നിന്ന് തന്നെ ആക്രമണം നടത്താനാകും.

“ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ എല്ലാ തരത്തിലും സന്തുലിതാവസ്ഥ നിലനിർത്താനാണ് ചൈന ശ്രമിക്കുന്നതെ”ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞു. “പാക്കിസ്ഥാൻ പട്ടാള മേധാവി ചൈന സന്ദർശിച്ച ശേഷം എടുത്ത എല്ലാ തീരുമാനങ്ങളും ചൈന പുറത്തുവിട്ടിരുന്നു”വെന്നും “ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും” ഹുവാ ചുനിംഗ് പറഞ്ഞു.

ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകൾ പാക്കിസ്ഥാനിൽ നിർമ്മിക്കാൻ ചൈന ഉദ്ദേശിക്കുന്നുവെന്ന വാർത്ത തളളിയാണ് ഹുവാ ചുനിംഗ് പ്രതികരിച്ചത്. “ഇങ്ങിനെയൊരു കാര്യം പാക് പട്ടാളമേധാവിയുടെ സന്ദർശന ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിട്ടില്ലെന്ന്”​ അവർ വ്യക്തമാക്കി. പാക്കിസ്ഥാനിൽ സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുളള കരാർ ഒപ്പിട്ട യോഗത്തിൽ പാക് പട്ടാള മേധാവി ഖമർ ജാവേദ് ബജ്‌വയും ചൈനയിലെ ഉന്നത പട്ടാള മേധാവികളുമാണ് പങ്കാളികളായത്.

ഇന്ത്യ അഗ്നി V മിസൈൽ കണ്ടുപിടിച്ചത് ചൈനയ്ക്കും പാക്കിസ്ഥാനും ഒരേ പോലെ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. “ചൈനയും പാക്കിസ്ഥാനും തമ്മിൽ സാധാരണ ഉണ്ടാകാറുളള പ്രതിരോധ ചർച്ചകൾ മാത്രമാണ് നടന്നത്” ഹുവ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കരുതെന്ന 1998 ലെ യുഎൻ നിർദ്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ, “ഇക്കാര്യം എല്ലാവർക്കും ബാധകമാണെന്ന്” ഹുവ മറുപടി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി മുന്നോട്ട് വച്ച ബാലിസ്റ്റിക് മിസൈൽ നിർദ്ദേശം ഇന്ത്യയുടെ അംഗീകരിക്കേണ്ടതാണെന്ന സൂചനയാണ് അവർ നൽകിയത്. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ എല്ലാ തരത്തിലും സന്തുലിതാവസ്ഥ നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അവർ അഗ്നി V നെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകി. ഇതോടെ ദീർഘദൂര മിസൈൽ പരീക്ഷിച്ചതിനെ അതൃപ്തിയിൽ, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാണ് ബാലിസ്റ്റിക് മിസൈലുകൾ ചൈന പാക്കിസ്ഥാനിൽ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ