ബീജിങ്: ഇസ്‌ലാമിനെ സെെനസെെസ് ചെയ്യാന്‍ ചൈനയില്‍ പുതിയ നിയമം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇസ്‌ലാമിനെ പുതിയ നിയമം പ്രകാരം സിനിസൈസ് ചെയ്യും.

എട്ട് ഇസ്‌ലാമിക് അസോസിയേഷനുകളും ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് നിയമം കൊണ്ടു വരാനുള്ള തീരുമാനത്തിലെത്തിയതെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാമിനെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി ബന്ധിപ്പിക്കാമെന്നും മതത്തെ സെെനസെെസ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, യോഗത്തില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ പത്രം പുറത്ത് വിട്ടിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണത്തിന് കീഴെ രാജ്യത്ത് ഇസ്‌ലാമികൾ കനത്ത പീഡനങ്ങള്‍ നേരിടുന്നതിനിടെയാണ് പുതിയ നിയമം. രാജ്യത്തിന്റെ പല ഭാഗത്തും ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കുണ്ട്. പ്രാര്‍ത്ഥിക്കുന്നതോ, നോമ്പ് എടുക്കുന്നതോ, താടി വളര്‍ത്തുന്നതോ, ഹിജാബ് ധരിക്കുന്നതോ, ശിരോവസ്ത്രം ധരിക്കുന്നതോ കണ്ടാല്‍ അറസ്റ്റ് ഭീഷണികള്‍ നേരിടേണ്ടി വരുന്നത് പതിവാണ്.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു മില്യണ്‍ വീഗര്‍ മുസ്‌ലിമുകളെ ഇന്റേണ്‍മെന്റ് ക്യാമ്പുകളില്‍ പാര്‍പ്പിച്ച് മതം ഉപേക്ഷിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകാനും സമ്മര്‍ദ്ദം ചെലുത്തുകയുമാണെന്ന് പറയുന്നു. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം അറബിക് ക്ലാസുകള്‍ നിരോധിക്കുകയും കുട്ടികള്‍ മുസ്‌ലിം മതാചാരങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook