scorecardresearch

അതിര്‍ത്തികള്‍ തുറന്ന് ചൈന; പഠനം തുടരാന്‍ കേന്ദ്രം കനിയണമെന്ന് വിദ്യാര്‍ത്ഥികള്‍

നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവത്തിൽ തുടര്‍പഠനത്തിനായി ചൈനയിലേക്ക് മടങ്ങാനുള്ള വഴികൾ കണ്ടെത്താൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നാണ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പറയുന്നു

അതിര്‍ത്തികള്‍ തുറന്ന് ചൈന; പഠനം തുടരാന്‍ കേന്ദ്രം കനിയണമെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്നതിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈന അതിർത്തികൾ തുറന്നുനല്‍കി. ക്യാമ്പസുകളിലേക്ക് മടങ്ങുന്നതിന് നിരവധി സർവകലാശാലകൾ എൻ‌ഒ‌സികൾ പുറത്തിറക്കി. എന്നാൽ നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവത്തിൽ മടങ്ങാനുള്ള വഴികൾ കണ്ടെത്താൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നാണ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചാർട്ടേഡ് വിമാനങ്ങള്‍ ഒരുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

“സാധാരണ സമയങ്ങളിൽ, വിമാനടിക്കറ്റ് ഉൾപ്പെടെ ചൈനയിലേക്കുള്ള യാത്രയ്ക്ക് ഞങ്ങൾക്ക് 50,000 രൂപയിൽ കൂടുതല്‍ ചിലവാകാറില്ല. എന്നാൽ ഫ്ലൈറ്റ് ടിക്കറ്റിന് ഇപ്പോൾ ഏകദേശം രണ്ട് ലക്ഷം രൂപയാണ് വില. മിക്ക വിദ്യാർത്ഥികളും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ ഈ നിരക്ക് താങ്ങാനാവുന്നില്ല. വിദ്യാർത്ഥികൾക്ക് ക്ലാസുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ അവരുടെ ഇടപെടല്‍ ആവശ്യമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ വന്ദേ ഭാരത് മിഷന്റെ കീഴിൽ ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിച്ചത് പോലെ, വിദ്യാർത്ഥികൾക്ക് ചൈനയിലെത്താനും വഴിയൊരുക്കണം,” ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പേരന്റ്സ് അസോസിയേഷൻ (എഫ്എംജിപിഎ) പ്രസിഡന്റ് ആൻഡ്രൂ മാത്യൂസ് പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. “ഞങ്ങള്‍ ഇമെയില്‍ വഴി നല്‍കിയ അഭ്യർത്ഥനകൾക്ക് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. പൂർണമായും സൗജന്യമല്ലെങ്കിലും, കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റുകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാരിന് കഴിയും, അതുവഴി ഈ വിദ്യാർത്ഥികൾക്ക് ചൈനയിൽ എത്താനും സാധിക്കും, ”എഫ്എംജിപിഎ ജോയിന്റ് സെക്രട്ടറി മുഹമ്മദ് സഗീർ വ്യക്തമാക്കി.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയിലെ കർശനമായ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്, കൂടുതലും മെഡിസിൻ പഠിക്കുന്നവരാണ്. കഴിഞ്ഞ മാസം, കേന്ദ്രത്തിന്റെ ഇടപെടലിനെത്തുടർന്ന്, ചൈനീസ് സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അതിർത്തികൾ വീണ്ടും തുറക്കുന്നതും സ്റ്റുഡന്റ് വിസകൾ നൽകാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

പഠനം തുടരുന്നതിനായി മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ ചൈന ആവശ്യപ്പെട്ടതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പട്ടിക ഇന്ത്യ സമർപ്പിച്ചിരുന്നു. വിദ്യാർത്ഥി പ്രതിനിധികൾ പറയുന്നതനുസരിച്ച്, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളുള്ള 45 ചൈനീസ് സർവകലാശാലകളിൽ 12 എണ്ണം വിദ്യാർത്ഥികളെ മടങ്ങാൻ അനുവദിക്കുന്ന എൻ‌ഒ‌സികൾ നൽകിയിട്ടുണ്ട്, മറ്റുള്ള സര്‍വകലാശാലകള്‍ നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

ചാർട്ടേഡ് ഫ്ലൈറ്റുകൾ മികച്ച ഓപ്ഷനായിരിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പ്രത്യേകിച്ചും മിക്ക സർവകലാശാലകളും ക്യാമ്പസിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങി വരുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് എൻ‌ഒ‌സികൾ നൽകിയ സാഹചര്യത്തില്‍.

“ഞാന്‍ പഠിക്കുന്ന സർവകലാശാലയിൽ എത്താൻ ഒക്ടോബർ അവസാനം വരെ സമയമുണ്ട്. എൻ‌ഒ‌സി ഇഷ്യൂ ചെയ്‌തു, ഞാൻ വിസയ്ക്കായുള്ള നടപടിക്രമം ആരംഭിച്ചു. എന്നാൽ ചൈനയിൽ എങ്ങനെ എത്തുമെന്നതാണ് ചോദ്യം. നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവത്തിൽ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴിയുള്ള കണക്ടഡ് ഫ്ലൈറ്റാണ് ഇപ്പോള്‍ നോക്കുന്നത്. എന്നാൽ അവയെല്ലാം ചെലവേറിയതാണ്,” സിയോണിലെ സിയാൻജിയോപോംഗ് സർവകലാശാലയിലെ അവസാന വര്‍ഷ മെഡിക്കൽ വിദ്യാർത്ഥിനിയായ പഞ്ചാബിൽ നിന്നുള്ള റിധി ഗുപ്ത പറയുന്നു,

“എന്റെ ക്ലാസുകളുടെ അവസാന വര്‍ഷമാണിത്, എനിക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. പരീക്ഷ ഡിസംബറിലാണ്,” റിധി കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങള്‍ വഴി പോകുമ്പോള്‍ രണ്ട് ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങള്‍ ആവശ്യമായതിനാല്‍ അത് നിലവില്‍ സാധ്യമാകുന്ന ഒന്നല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: China opens up its borders indian students want centres help