ബെയ്ജിങ്: ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ ചൈന പുതിയ ഹൈവേ തുറന്നു. പുതിയ പാതയ്ക്ക് 409 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റന്‍ മേഖലയില്‍ 5.8 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പുതിയ പാതയുടെ നിര്‍മ്മാണം.

ടിബറ്റിലെ പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 409 കി.മീ ദൈര്‍ഘ്യമുള്ള എക്സപ്രസ് ഹൈവേ ടോള്‍ ഫ്രീ ആയിരിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഹൈവേ പ്രവര്‍ത്തനമാരംഭിച്ചതോടെ ലാസയില്‍ നിന്നും ന്യങ്ച്ചിയിലേക്കുള്ള യാത്രാസമയം എട്ടില്‍ നിന്നും അഞ്ച് മണിക്കൂറായി കുറയും. അതേസമയം പുതിയ പാത ഉപയോഗിക്കുന്നതില്‍ നിന്നും വലിയ ട്രക്കുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സൈനികാവശ്യങ്ങള്‍ക്ക് കൂടി അനുകൂലമാവുന്ന രീതിയിലാണ് ടിബറ്റിലെ പാതകളെല്ലാം ചൈന നിര്‍മ്മിച്ചിരിക്കുന്നത്. സൈനികരുടെ സഞ്ചാരത്തിനും വേഗത്തിലുള്ള ആയുധ കൈമാറ്റത്തിനും ഈ പാതകള്‍ സഹായകമാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ