ന്യൂഡൽഹി: സിക്കിമിലെ നാതുല പാസ് വഴി ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ മാനസ സരോവരിലേക്കുള്ള ഇന്ത്യാക്കാരുടെ പ്രവേശനം വിലക്കിയ ചൈന ഇക്കാര്യത്തിൽ മൗനം തുടരുന്നു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഇതുവഴി മാനസ സരോവരിലേക്ക് പോയ 47 ഇന്ത്യൻ തീർത്ഥാടകരെയാണ് ചൈനീസ് സൈന്യം വിലക്കിയത്.
എന്തുകൊണ്ടാണ് തീർത്ഥാടകരെ അതിർത്തി കടത്തിവിടാത്തതെന്ന ചോദ്യത്തിന് ഈ വിഷയത്തിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശ കാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച തുടരുകയാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗെൻ ഷുവാങ് പറഞ്ഞത്.
നാതുല പാസ് വഴിയുള്ള മാനസ സരോവർ യാത്രയ്ക്ക് തടസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തുകയാണെന്നും ഇന്ത്യൻ വിദേശ കാര്യ വക്താവ് ഗോപാൽ ഭാഗ്ലേ വ്യക്തമാക്കി.
ടിബറ്റിലെ ഉരുൾപൊട്ടലിനെ തുടർന്നാണ് ചൈന യാത്രികരെ തടഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2015 ലാണ് നാതുലാ പാസ് വഴിയുള്ള സഞ്ചാര പാത ഇന്ത്യൻ തീർത്ഥാടകർക്കായി തുറന്നുകൊടുത്തത്. നൂറ് കണക്കിന് പേരാണ് ഓരോ വർഷവും കൈലാസത്തിലേക്ക് യാത്ര പോകുന്നത്. നേരത്തേ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് വഴിയാണ് ഇന്ത്യൻ തീർത്ഥാടകർ കൈലാസത്തിലേക്ക് പോയിരുന്നത്. ഈ പാതയ്ക്ക് ദൂരം കൂടുതലാണ്.
ബീജിംഗിൽ നടന്ന വൺ ബെൽറ്റ് വൺ റോഡ് സമ്മിറ്റിന് നേരെ ഇന്ത്യ മുഖം തിരിച്ചതും, ഇതിന് മുൻപ് ആണവ വിതരണ സംഘത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ചൈന വിലക്കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്.
സിക്കിമിൽ അതിർത്തി ലംഘിച്ചെത്തിയ ചൈനീസ് സേനയും ഇന്ത്യൻ സൈന്യവും തമ്മിൽ തുടർച്ചയായി ആക്രമണം നടക്കുന്നതായും വിവരമുണ്ട്. ഇന്ത്യയുടെ രണ്ട് ബങ്കറുകൾ ചൈനീസ് ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.