ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ഇന്ത്യക്കെതിരെ ചൈന. ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തിലാണ് പാക്കിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്തെത്തിയത്. എന്നാല്‍, ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ബാഹ്യശക്തികള്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് യുഎന്‍ രക്ഷാസമിതിയില്‍ നിലപാട് വ്യക്തമാക്കിയത്.
ഉഭയകക്ഷി ചര്‍ച്ച വേണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജമ്മു കശ്മീരിലെ പ്രശ്നങ്ങളെ അതിരൂക്ഷമാക്കുമെന്നും ചൈന പറഞ്ഞു. മനുഷ്യാവകാശ സ്ഥിതിയെ കുറിച്ച് ആലോചിച്ചുകൊണ്ടാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ചൈന പറഞ്ഞു. കശ്മീരിലെ ജനങ്ങളുടെ താല്പര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങളും ആരാഞ്ഞു വേണമായിരുന്നു തീരുമാനങ്ങള്‍ എന്നും ചൈന പറഞ്ഞു. എന്നാല്‍, കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ പറഞ്ഞു. ബാഹ്യഇടപെടലുകളൊന്നും കശ്മീര്‍ വിഷയത്തില്‍ വേണ്ട എന്നാണ ഇന്ത്യയുടെ നിലപാട്.
അതേസമയം, ചൈന അല്ലാതെ മറ്റ് ലോകരാഷ്ട്രങ്ങളൊന്നും വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് പ്രതികരിച്ചില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ വേണമെന്ന് മാത്രമാണ് മറ്റ് രാജ്യങ്ങള്‍ പറയുന്നത്.
യുഎന്‍ രക്ഷാസമിതി ആരംഭിക്കും മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഫോണില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ വിഷയത്തിലെ ആശങ്ക പരിഹരിക്കണമെന്ന് ഇമ്രാന് ഖാന് ട്രംപിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്