ബീജിംഗ്: ഇന്ത്യൻ ശാസ്ത്ര- സാങ്കേതിക വിദഗ്ധരെ അവഗണിച്ചതിലൂടെ ചൈന വലിയ അബദ്ധമാണ് ചെയ്തതെന്ന് ചൈനീസ് ഒദ്യോഗിക പത്രത്തിന്റെ കുറ്റസമ്മതം. രാജ്യത്തിന്റെ വികസനം കൊണ്ടുവരാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ ശാസ്ത്ര സാങ്കേതിക പ്രവർത്തകരെ ചൈനയിലേക്ക് ആകർഷിക്കേണ്ടിയിരുന്നെന്നും വെള്ളിയാഴ്ച ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സാങ്കേതിക വിദഗ്‍ധരെ അവഗണിച്ച് യൂറോപ്പിൽ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ക്ക് പ്രധാന്യം നൽകിയ ചൈന ചെയ്തത് വലിയ അബദ്ധമാണ്. രാജ്യത്തിന്‍റെ സാങ്കേതിക വളർച്ചയ്ക്ക് ചൈനയിൽ നിന്നുള്ള പ്രതിഭകൾ മാത്രം മതിയാവില്ലെന്നതു കൊണ്ടുതന്നെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഉപയോഗപ്പെടുത്തിയത് പോലെ ഇന്ത്യൻ ടെക് പ്രതിഭകളെ ഉൾകൊള്ളിക്കണമെന്ന് ഗ്ലോബൽ ടൈംസ് ചൈനീസ് സർക്കാരിന് ഉപദേശവും നൽകുന്നുണ്ട്.
യുവ സാങ്കേതിക വിദഗ്ദരാല്‍ ഇന്ത്യ ശ്രദ്ധ പറ്റുന്നുണ്ട്. ഇന്ത്യയിൽനിന്നുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ദരെ ചൈനയിലേക്ക് ആകർഷിക്കാൻ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ല. ഈ അടുത്തകാലത്ത് ചൈനയിൽ സാങ്കേതിക ജോലികളുടെ കാര്യത്തിൽ ഒരു കുതിച്ചുകയറ്റം സംഭവിച്ചിട്ടുണ്ട്. വിദേശ ഗവേഷകരുടെയും വികസന കേന്ദ്രങ്ങളുടെയും ഇടമായി ചൈന മാറി. ചൈനയില്‍ നിന്നുള്ള ചില വൻകിട കന്പനികൾ ഇന്ത്യയിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കുറഞ്ഞ വേതനവും ഉയർന്ന കാര്യക്ഷമതയുമാണ് ഇതിനു കാരണമെന്നും പത്രത്തില്‍ പറയുന്നു.