/indian-express-malayalam/media/media_files/uploads/2021/06/Xi-Jinping.jpg)
ബീജിങ്: വിദൂര ഹിമാലയന്‍ പ്രദേശമായ ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാക്കി ചൈന. ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വിസ്.
സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസ-നയിങ്ചി സെക്ഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും. ടിബറ്റ് സ്വയംഭരണമേഖലയിലെ വൈദ്യുതീകരിച്ച ആദ്യ റെയില്‍വേ ഇന്നു രാവിലെയാണു തുറന്നത്. 'ഫക്‌സിങ്' ബുള്ളറ്റ് ട്രെയിനുകള്‍ ടിബറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേ പാതയാണ് സിചുവാന്‍-ടിബറ്റ് റെയില്‍വേ. ക്വിന്‍ഹായ്-ടിബറ്റ് പാത ആണ് ആദ്യത്തേത്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായാണ് ഈ പാത പോകുന്നത്്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയെയും ടിബറ്റിലെ നയിങ്ചിയെയും ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ് നവംബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പുതിയ പാത പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
സിചുവാന്‍-ടിബറ്റ് പാത സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവില്‍നിന്ന് ആരംഭിച്ച് യാന്‍ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കും. ചെങ്ഡുവില്‍നിന്ന് ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറില്‍നിന്ന് 13 മണിക്കൂറായി ചുരുക്കുന്നതാണ് ഈ പാത.
Also Read: ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡോഗിലെ നഗരമാണ് നിയിങ്ചി. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന അവകാശപ്പെടുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) യുമായി ബന്ധപ്പെട്ട് 3,488 കിലോമീറ്റര്‍ സംബന്ധിച്ച
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
''ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പ്രതിസന്ധിയുടെ സാഹചര്യം സംഭവിക്കുകയാണെങ്കില്‍, തന്ത്രപരമായ വസ്തുക്കള്‍ എത്തിക്കുന്നതില്‍ റെയില്‍വേ ചൈനയ്ക്ക് വലിയ സൗകര്യങ്ങള്‍ നല്‍കും,'' സിങ്ഹുവ സര്‍വകലാശാലയിലെ നാഷണല്‍ സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ക്വിയാന്‍ ഫെങ് നേരത്തെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us