ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിന്റെ തെക്ക്, വടക്കൻ തീരങ്ങളിൽ നിന്ന് ചൈനീസ്, ഇന്ത്യൻ സംഘങ്ങൾ പിൻമാറാൻ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. എന്നാൽ പുതിയ നടപടി സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്റെയോ പ്രതിരോധമന്ത്രാലയത്തിന്റെയോ പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.
ജനുവരി 24ന് കോർപ്സ് കമാൻഡർ തല ചർച്ചയിലുണ്ടായ ധാരണ പ്രകാരം ഇരു പക്ഷത്തുനിന്നുമുള്ള സൈനികർ മേഖലയിൽ നിന്ന് പിരിഞ്ഞുപോവാൻ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പാംഗോങ് ത്സോയുടെ വടക്ക്, തെക്ക് മേഖലകളിലെ ഗ്രൗണ്ട് കമാൻഡർമാർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
“ഘട്ടംഘട്ടമായി പിൻവലിക്കൽ ഉണ്ടാകും” എന്നും അക്കാര്യത്തിനായി ഇരുകക്ഷികളും “തീരുമാനിച്ചു” എന്നുമാണ് സുരക്ഷാ സേനയിൽ നിന്നുള്ള ശ്രോതസ്സുകളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. ആദ്യഘട്ടത്തിൽ ചില സൈനിക സംഘങ്ങൾ പിൻമാറും എന്നും അതേസമയം മുൻനിര സൈനികർ അവർ വിന്യസിക്കപ്പെട്ടിടത്ത് തുടരുമെന്നും അവർ പറഞ്ഞു.
ചൈനയുടെ പിഎൽഎ സൈനികർ ഇതിനകം ഈ നീക്കങ്ങൾ തുടങ്ങിയതായും അവർ പറഞ്ഞു: “ചില നീക്കങ്ങൾ ഇതിനകം തന്നെ അവരുടെ (ചൈനയുടെ) ഭാഗത്ത് നടക്കുന്നുണ്ട്, കനത്ത ഉപകരണങ്ങളും സൈനികരും. എല്ലാം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. ഞങ്ങളും അത് ചെയ്യണം,” അവർ പറഞ്ഞു.
“ചൊവ്വാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുള്ള പ്രദേശത്തു നിന്ന് പിൻവാങ്ങുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഗ്രൗണ്ട് ലെവൽ കമാൻഡർമാർ യോഗം ചേർന്നു. ബുധനാഴ്ചയും ഒരു യോഗം ചേർന്നു. കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്, എന്നാൽ ഇപ്പോൾ സൈനികരെ പിൻവലിക്കാൻ തുടങ്ങിയിട്ടില്ല, ”ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.