ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്റഗണിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയന്ത്രണ രേഖയുമായി (എല്‍എസി) ബന്ധപ്പെട്ടുള്ള പ്രതിസന്ധിയുടെ തീവ്രത കുറച്ചു കാണിക്കാന്‍ ചൈന ശ്രമിച്ചതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
“അതിർത്തിയിലെ സംഘർഷങ്ങൾ മൂലം ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ പങ്കാളിത്തത്തിലേക്ക് നീങ്ങുന്നത് തടയാനാണ് പിആർസി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള പിആർസിയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് പിആർസി ഉദ്യോഗസ്ഥർ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” ചൈനയുടെ സൈനിക ശക്തിയെക്കുറിച്ച് കോൺഗ്രസിന് നൽകിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പെന്റഗൺ വ്യക്തമാക്കുന്നു.
ചൈന-ഇന്ത്യ അതിർത്തിയിലെ ഒരു ഭാഗത്ത് 2021-ല്‍ ഉടനീളം പിഎല്‍എ സേനയെ വിന്യസിക്കുകയും നിയന്ത്രണ രേഖയ്ക്ക് സമീപം അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് പെന്റഗൺ പറഞ്ഞു. ഇരുപക്ഷവും നടത്തി വരുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“2020 മേയ് മുതൽ നിയന്ത്രണ രേഖയുടെ വിവിധ സ്ഥലങ്ങളിൽ ചൈനയുടേയും ഇന്ത്യയുടേയും സേനകൾ ഏറ്റുമുട്ടി. തത്ഫലമായുണ്ടായ സംഘർഷമാണ് അതിർത്തിയുടെ ഇരുവശത്തും സൈന്യത്തെ ശക്തിപ്പെടുത്താൻ കാരണമായത്. “സേനയെ പിൻവലിക്കാനും മുൻകാല വ്യവസ്ഥകളിലേക്ക് മടങ്ങാനും ഇരുരാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചൈനയോ ഇന്ത്യയോ ആ വ്യവസ്ഥകൾ അംഗീകരിച്ചിട്ടില്ല,” റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പിആര്‍സിയുടെ പ്രദേശത്ത് അതിക്രമിച്ച് കയറിയാണ് ഇന്ത്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ചൈനയുടെ ആരോപണം. അതേസമയം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തേക്ക് ചൈന നുഴഞ്ഞുകയറ്റം നടത്തുന്നുവെന്ന് ഇന്ത്യയും ആരോപിക്കുന്നു.
2020-ലെ ഏറ്റുമുട്ടൽ മുതൽ, പിഎല്‍എ തുടർച്ചയായി സേനയുടെ സാന്നിധ്യം നിലനിർത്തുകയും നിയന്ത്രണ രേഖയ്ക്ക് സമീപം അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കുകയും ചെയ്തു.