ബീജിംഗ്: യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെ അനുമതിയില്ലാതെ യുഎസ് ഉയര്‍ന്ന ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലും പറന്നതായി ചൈന. 2022 ജനുവരി മുതല്‍ 10 തവണയിലധികം അനുമതിയില്ലാതെ യുഎസ് ബലൂണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറന്നതായാണ് ചൈനയുടെ ആരോപണം.
ബീജിംഗില്‍ പതിവ് പത്രസമ്മേളനത്തില്‍ ചാല ബലൂണ്‍ സംബന്ധിച്ച ചോദ്യത്തോട് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ആണ് പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. വിമാനങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് ഇത്തരം സംഭവങ്ങളോടുള്ള ചൈനയുടെ പ്രതികരണം ഉത്തരവാദിത്തവും പ്രൊഫഷണലുമാണെന്ന് വാങ് വെന്‍ബിന്‍ പറഞ്ഞു.
ഈ മാസം ആദ്യം സൗത്ത് കരോലിന തീരത്ത് അമേരിക്ക ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ചൈനയുടെ വാദം. ബലൂണ്‍ സാധാരണ റിസര്‍ച്ച് ക്രാഫ്റ്റാണെന്നും അമേരിക്കയുടെ പ്രതികരണം അതിര് കടന്നുവെന്നും ബെയ്ജിംഗ് പറയുന്നു.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും(എഫ്എഎ) തീരസംരക്ഷണ മേഖലയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അമേരിക്ക ബലൂണ്‍ വെടിവെച്ചിട്ടത്. യുഎസ് വ്യോമസേനയുടെ എഫ് 22 യുദ്ധവിമാനം ഉപയോഗിച്ചാണ് ചൈനീസ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്.
വടക്കേ അമേരിക്കയ്ക്ക് മുകളിലൂടെ പറക്കുന്ന മറ്റ് മൂന്ന് വസ്തുക്കളെ യുഎസ് സൈന്യം പിന്നീട് വെടിവച്ചു വീഴ്ത്തി.
ഇന്ത്യ, ജപ്പാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെയും ചൈനീസ് ചാര ബലൂണ്‍ ലക്ഷ്യമിട്ടെന്ന് മീഡിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തെക്കന്‍ തീരമായ ഹൈനാന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ചൈനീസ് ചാര ബലൂണ്‍ നിരീക്ഷണം നടത്തുന്നുണ്ട്. ജപ്പാന്‍, ഇന്ത്യ, വിയറ്റ്നാം, തായ്വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങളാണ് ബലൂണ്‍ വഴി ചൈന ശേഖരിക്കുന്നതെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത നിരവധി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
ചൈനയുടെ പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) വ്യോമസേനയുടെ ഭാഗകമായി പ്രവര്‍ത്തിക്കുന്ന ചാര ബലൂണുകള്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ”ഈ ബലൂണുകളെല്ലാം നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വികസിപ്പിച്ചെടുത്ത ഒരു പിആര്‍സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ബലൂണുകളുടെ ഭാഗമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണിത്,” ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.