അരുണാചല്‍ പ്രദേശിനെയും തായ്വാനെയും ചൈനയുടെ ഭാഗമാക്കി രേഖപ്പെടുത്താത്ത 30,000 ലോക ഭൂപടങ്ങള്‍ ചൈന നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വടക്ക് – കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശും തായ്വാനും തങ്ങളുടെ ഭാഗമാണെന്ന നാളുകളായുള്ള ചൈനീസ് വാദത്തെ മുന്‍ നിര്‍ത്തിയാണ് ഈ നടപടി.
ഇന്ത്യയിലെ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെതിരെ ചൈന വിമര്‍ശനമുന്നയിക്കാറുണ്ട്. എന്നാല്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ സമ്പൂര്‍ണ അധികാരമുള്ള പ്രദേശമാണെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്താറുള്ളതുപോലെയാണ് അരുണാചലും സന്ദര്‍ശിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
3,488 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്) യെ കുറിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ 21 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം പരാജയമായിരുന്നു. ഭൂപട മാര്‍ക്കറ്റില്‍ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുമുള്ളതാണെന്ന് ഇന്റർനാഷ്ണല്‍ ലോ ഓഫ് ചൈന ഫോറിന് അഫയേഴ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ലിയു വെന്‍സോംഗ് അവകാശപ്പെടുന്നു.