ബീജിങ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയിലെ മൂന്ന് റോഡ് നിർമ്മാണത്തിന് പണം നൽകുന്നത് ചൈന താത്കാലികമായി നിർത്തി. അയ്യായിരം കോടി രൂപ മുതൽ മുടക്കുള്ള പദ്ധതി മരവിപ്പിച്ച ചൈനയുടെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ ആയിരം കോടി രൂപയോളം മുതൽമുടക്കുള്ള നിരവധി റോഡ് നിർമ്മാണ പദ്ധതികൾ ചൈനയുടെ തീരുമാനത്തോടെ തടസ്സപ്പെടുമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. റോഡ് നിർമ്മാണത്തിലെ അഴിമതിയാണ് ചൈനയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

പാക് അധീന കശ്മീരിലൂടെ ബലൂചിസ്ഥാനെയും ചൈനയിലെ ഷിൻജാങ് പ്രവിശ്യയെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. അതേസമയം പദ്ധതിക്കുള്ള സാമ്പത്തിക സഹായം നിർത്തിയത് പുതിയ നിബന്ധനകൾ പ്രഖ്യാപിക്കാനാണ് എന്നും റിപ്പോർട്ടുകളുണ്ട്.

ചൈന-പാക് സാമ്പത്തിക ഇടനാഴി ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകുന്നത് ചൈന മരവിപ്പിച്ചത്. ഇതിൽ പാക്കിസ്ഥാൻ അധികൃതർ ആശ്ചര്യപ്പെട്ടതായാണ് വിവരം. 2015 ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പാക്കിസ്ഥാൻ സന്ദർശിച്ചപ്പോഴാണ് ചൈന-പാക് സാമ്പത്തിക ഇടനാഴിയെന്ന ആശയം രൂപംകൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ