/indian-express-malayalam/media/media_files/uploads/2022/12/Covid19.jpg)
പൂണെ: ചൈനയിലെ കോവിഡ് കേസുകളിലെ റെക്കോര്‍ഡ് കുതിപ്പ് ഇന്ത്യയ്ക്ക് ഉടന്‍ ഭീഷണിയാകില്ലെന്നു വിദഗ്ധര്‍. അതേസമയം, ജാഗ്രത വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറയുന്നു.
''പുതിയ വകഭേദങ്ങളുടെ പരിണാമം നാം പ്രത്യേകിച്ച് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്,'' ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) എപ്പിഡെമിയോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് മുന്‍ മേധാവി ഡോ.ആര്‍.ആര്‍. ഗംഗാഖേദ്കര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചൈനയില്‍ വളരെയധികം ആളുകള്‍ക്കു രോഗം ബാധിക്കാനുള്ള സാധ്യത വൈറസ് പുതിയതും അപകടകരവുമായ വകഭേദങ്ങളായി പരിണമിച്ചേക്കാമെന്ന ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. അതു മറ്റെവിടെയെങ്കിലും കോവിഡിന്റെ പുതിയ തരംഗങ്ങള്‍ക്കു കാരണമായേക്കും. ഇതൊരു സാധ്യത മാത്രമാണെന്നും സംഭവിക്കുമെന്ന് ഒരുറപ്പുമില്ലെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.
''വൈറസ് വളരെ വേഗത്തില്‍ പടരുന്ന ഇത്തരം തരംഗങ്ങള്‍ അധികകാലം നിലനില്‍ക്കാന്‍ സാധ്യതയില്ല. ഒരേ സമയം ധാരാളം ആളുകള്‍ക്കു രോഗം ബാധിക്കുന്നു. ഫലപ്രദമായ നിയന്ത്രണ നടപടികളിലൂടെ നിലവിലെ തരംഗം ഉടന്‍ അവസാനിച്ചേക്കാം. ഇതുകാരണം വൈറസിനു പുതിയ ജനിതവ്യതിയാനം സംഭവിക്കാന്‍ മതിയായ സമയം ലഭിക്കില്ല,'' അദ്ദേഹം പറഞ്ഞു.
ചൈനയിലും മറ്റിടങ്ങളിലും വ്യാപിക്കുന്ന ഒമൈക്രോണ്‍ വകഭേദത്തിലെ നിലവിലെ ഉപവിഭാഗങ്ങള്‍ ഇന്ത്യയ്ക്കു നിലവില്‍ വലിയ അപകടസാധ്യത ഉയര്‍ത്തുന്നതല്ലെന്നു പകര്‍ച്ചവ്യാധി വിദഗ്ധനും ഐ സി എം ആറിന്റെ ദേശീയ കോവിഡ് ദൗത്യസേന അംഗവുമായ ഡോ.സഞ്ജയ് പൂജാരി പറഞ്ഞു.
''ഗുരുതര രോഗത്തിനു കാരണമാകുന്ന ഉയര്‍ന്ന രോഗകാരികള്‍ക്കൊപ്പം വളരെ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള ഒരു വകഭേദമില്ലെങ്കില്‍, ഇന്ത്യയില്‍ കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. ഒമൈക്രോണിന്റെ എല്ലാ ഉപവിഭാഗങ്ങളും കേസുകളുടെ ഗണ്യമായ വര്‍ധനവിനു കാരണമായിട്ടില്ല. ചൈനയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു.
ചൈനയില്‍നിന്നു വളരെ വ്യത്യസ്തമാണു ഇന്ത്യയുടെ സ്ഥിതിയെന്നു ഡോ പൂജാരി പറഞ്ഞു. ''ചൈനയില്‍, സ്വഭാവിക അണുബാധ വഴിയുള്ള പ്രതിരോധശേഷി മതില്‍ കാണുന്നില്ല. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസും വേണ്ടത്ര ആളുകളില്‍ എത്തിയിട്ടില്ല,'' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത ശരാശരി പ്രതിദിന കേസുകളുടെ എണ്ണം ഇരുന്നൂറില്‍ താഴെയാണ്. രാജ്യത്തുടനീളമുള്ള സജീവ കേസുകളുടെ എണ്ണം 3,500ല്‍ താഴെയാണ്. മരണങ്ങള്‍ ഒറ്റ അക്കത്തിലാണ്. രാജ്യത്ത് ഇതുവരെ 4.46 കോടിയിലധികം പേര്‍ക്കാണു കോവിഡ് ബാധിച്ചത്. 5.3 ലക്ഷത്തിലധികം പേര്‍ മരിച്ചു.
രാജ്യത്ത് മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍, കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.പ്രദീപ് അവാതെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
''വെന്റിലേറ്റര്‍ സഹായം വേണ്ടിവന്ന ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നതാണു ശുഭ വാര്‍ത്ത. പോസിറ്റീവ് നിരക്ക് ഒരു ശതമാനത്തില്‍ കൂടുതലുള്ള മൂന്നോ നാലോ ജില്ലകള്‍ മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം ഡിസംബര്‍ 18 ന് ഒന്‍പത് കേസുകള്‍ മാത്രമാണുണ്ടായിരുന്നത്,'' ഡോ.പ്രദീപ് അവാതെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.