/indian-express-malayalam/media/media_files/uploads/2020/01/corona.jpg)
ബെയ്ജിങ്: കൊറോണ വൈറസ് ബാധമൂലമുള്ള മരണം 1300 കടന്നു. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ 14,840 കേസുകളും റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ഇതുവരെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലിഫോർണിയയിൽ മാത്രം എട്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏത് രാജ്യത്തേക്ക് വ്യാപിക്കാനും ഇപ്പോഴും സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.
Read More: കൊറോണ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് സ്ഥിരീകരിച്ചു
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലൈലാമയും അറിയിച്ചു.
കുറഞ്ഞത് 25 രാജ്യങ്ങളിലെങ്കിലും ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഹുബൈ പ്രവിശ്യയിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ചൈനയുടെ പുറത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് - ഒന്ന് ഹോങ്കോങ്ങിലും ഒരു ഫിലിപ്പൈൻസിലും.
അതേസമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാർക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ വൈറസ് ബാധയെ തുടർന്ന് കപ്പൽ ജപ്പാൻ തീരത്ത് നങ്കൂമിട്ടത്. ഇതുവരെ കപ്പലിലെ 175 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
Read More: കൊറോണ ബാധിച്ചെന്ന് തെറ്റിദ്ധരിച്ചു; പകരാതിരിക്കാൻ ആത്മഹത്യ ചെയ്തു
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതും ഈ കപ്പലിൽ തന്നെയാണ്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതിൽ നൂറിലധികം ഇന്ത്യക്കാരുമുണ്ട്. അഞ്ച് ദിവസം കപ്പലില്‍ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോംങ്കോംഗില്‍ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ യാത്രനിര്‍ത്തി നിരീക്ഷണം ആരംഭിച്ചത്. കൂടുതൽ ആളുകൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ തുടരുകയാണ്.
അതേസമയം, പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യസംഘടന പേരിട്ടു. കോവിഡ്-19 (COVID-19) എന്നാണ് പുതിയ പേര്. കൊറോണ (CO) വൈറസ്(VI) ഡിസീസ് (D) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഒരു മേഖലയെയോ മൃഗത്തിന്റെയോ വ്യക്തിയുടെയോ ഒരു സംഘം ആളുകളുടെയോ അല്ലാത്ത ഒരു പേരു തിരഞ്ഞെടുക്കുകയായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.