ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രോണ്‍ ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ അതിക്രമിച്ച് പറന്നെന്ന ചൈനയുടെ വാദം തളളി പ്രതിരോധ മന്ത്രാലയം രംഗത്ത്. സാങ്കേതിക തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് യുഎവി ഡ്രോണ്‍ സിക്കിം വ്യോമ മേഖലയില്‍ എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദിനംപ്രതിയുളള പരിശീലന പറത്തല്‍ നടത്തവേ ഡ്രോണിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

ഉടന്‍ തന്നെ അതിര്‍ത്തി സുരക്ഷാ സേന ചൈനീസ് സേനയെ വിവരം അറിയിച്ചു. ഡ്രോണ്‍ നഷ്ടമായതോടെ ചൈന ഉടന്‍ തന്നെ ഇത് സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ത്യയെ അറിയിച്ചു. പിന്നീട് ഡ്രോണ്‍ പിടിച്ചെടുത്ത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സംഭവം അപലപിച്ച് രംഗത്തെത്തി. ചൈനയുടെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് ചൈനീസ് സൈന്യം അറിയിച്ചു.

ദോക്‌ലാമിലെ റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ തര്‍ക്കം തീര്‍ന്നിരുന്നു. ഓഗസ്റ്റ് 28ന് ഇന്ത്യയുടെ സിലിഗൂരി ഇടനാഴിയിലേക്കുളള റോഡ് നിര്‍മ്മാണം ചൈന നിര്‍ത്തി വച്ചതോടെയാണ് തര്‍ക്കം താല്‍കാലികമായി തീര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ