/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
അഹമ്മദാബാദ്: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍ മോഹന്‍ സിംഗ്. നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈനയാണെന്നും ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രഹരമേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സൂറത്തിലെ വ്യാപാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് അത് വെളുപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കിയെന്നും ഇത് പാവപ്പെട്ടവരെ മാത്രമാണ് ദുരിതത്തിലാക്കിയതെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
'ജിഎസ്ടിയും നോട്ട് നിരോധനവും സമ്പദ്‍വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണ്. നിങ്ങള്‍ വ്യാപാരികള്‍ എത്രമാത്രം കഷ്ടപ്പാടുകളിലൂടെയാണ് പോയതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇത്രയും വലിയൊരു മണ്ടത്തരത്തില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല എന്നതാണ് മറ്റൊരു ദുരന്തം. നോട്ട് നിരോധനത്തില്‍ നിന്നും കരകയറാനുളള പരിഹാരമാര്‍ഗങ്ങള്‍ നോക്കാതെ ഒട്ടും തയ്യാറെടുപ്പില്ലാതെ ജിഎസ്ടിയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു', മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
'ഈ ഇരട്ട പ്രഹരം ഉത്പാദന രംഗത്തെ സാരമായി ബാധിച്ചു. മോര്‍ബിയിലെ കരകൗശല മേഖലയേയും വാപിയിലേയും രാജ്കോട്ടിലേയും വ്യവസായ മേഖലയുടേയും തകര്‍ച്ച നമ്മള്‍ കാണുന്നതാണ്. ആവശ്യത്തിനനുസരിച്ച് ഉത്പാദം ഉണ്ടാക്കാന്‍ നമ്മുടെ ആഭ്യന്തര ഉത്പാദന മേഖലയ്ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ചൈനയ്ക്കാണ് ഇത് ഗുണകരമാകുന്നത്', മന്‍മോഹന്‍ സിംഗ് പറഞ്ഞു. ദരിദ്ര പശ്ചാത്തലം ചൂണ്ടിക്കാട്ടി പ്രസ്താവനകള്‍ നടത്താറുളള പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹം വിമര്‍ശിച്ചു.
'എന്റെ താഴ്ന്ന പശ്ചാത്തലം കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങളുടെ സഹതാപം എനിക്ക് വേണ്ട. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ഒരു മത്സരത്തില്‍ ഏര്‍പ്പെടാനും ഞാന്‍ ആലോചിക്കുന്നില്ല', മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.