ബീജിങ്: ചൈനയില്‍ പുതിയ കോവിഡ് വകഭേദമായ ‘സ്റ്റെല്‍ത്ത് ഒമൈക്രോണ്‍’ അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പ്രാദേശികമായി പകര്‍ന്ന 1,337 കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. ഡസന്‍ കണക്കിനു പ്രധാന നഗരങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ കേസുകളില്‍ ഭൂരിഭാഗവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ്. 895 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഷെന്‍ഷെനില്‍ 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മൂന്നുവട്ട കൂട്ട കോവിഡ് പരിശോധന ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ആരംഭിച്ചു. 1.75 കോടി ജനങ്ങളും അയല്‍രാജ്യമായ ഹോങ്കോങ്ങിനോട് ചേര്‍ന്നുള്ള പ്രധാന സാങ്കേതിക, സാമ്പത്തിക കേന്ദ്ര നഗരവുമായ ഇവിടെ ഞായറാഴ്ച അധികൃതര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചൈനയിലെ കോവിഡ് കേസുകളിലെ കുതിപ്പ് ഷെന്‍ഷെന്‍ മുതല്‍ തീരദേശ നഗരമായ ക്വിങ്ഡാവോയും വടക്ക് സിങ്തായ് വരെയുമുള്ള നഗരങ്ങളിലെ ആളുകളെ ബാധിക്കുന്നുണ്ട്. മാര്‍ച്ച് ആദ്യം മുതല്‍ കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുകയാണ്. യൂറോപ്പിലോ യുഎസിലോ അല്ലെങ്കില്‍ ഹോങ്കോങ്ങിലോ റിപ്പോര്‍ട്ട് ചെയ്തവയെ അപേക്ഷിച്ച് ഈ സംഖ്യകള്‍ ചെറുതാണ്. എന്നാല്‍ മധ്യ നഗരമായ വുഹാനില്‍ 2020 ന്റെ തുടക്കത്തില്‍ കോവിഡ് -19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോങ്കോങ്ങില്‍ ഞായറാഴ്ച 32,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read: കോവിഡിനെത്തുടര്‍ന്നുള്ള പ്രമേഹവും വിഷാദവും അകറ്റാന്‍ വ്യായാമം സഹായിക്കുമെന്ന് പഠനം
വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം ചൈനയില്‍ വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. വൈറസ് പകരുന്നത് എത്രയും വേഗം തടയുന്നതില്‍ ഒട്ടും അയവില്ലാത്ത സമീപനമെന്ന തന്ത്രം സ്വീകരിച്ചതിന്റെ ഫലമായിരുന്നു ഇത്. കര്‍ശനമായ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം ഓരോ പോസിറ്റീവ് സമ്പര്‍ക്കത്തില്‍ വന്നവരെ നിര്‍ബന്ധിത ക്വാറന്റൈിലേക്കു മാറ്റുകയും ചെയ്തു. വൈറസ് പടരുന്നതു സമയബന്ധിതമായി തടഞ്ഞുനിര്‍ത്താനുള്ള കര്‍ശന തന്ത്രത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.
വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന്റെ പ്രാരംഭഘട്ടത്തിലുള്ളതാണ് ചൈനയിലെ ഇപ്പോഴത്തെ സംഖ്യയെന്ന് ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒരു ആശുപത്രിയിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഴാങ് വെന്ഹോങ്അഭിപ്രയാപ്പെട്ടു. ബിസിനസ് ഔട്ട്ലെറ്റായ കെയ്സിനിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷാങ്ഹായില്‍ ഇന്ന് 41 കേസുകളാണ് സ്ഥിരീകരിച്ചത്.
നിലവിലെ പകര്‍ച്ചയിലെ ഭൂരിഭാഗം കേസുകളും ‘സ്റ്റെല്‍ത്ത് ഒമിക്രോണ്‍’ അഥവാ ബി.എ.2 എന്നറിയപ്പെട്ട ഒമിക്രോണ്‍ വകഭേദമാണെന്ന് ഴാങ് അഭിപ്രായപ്പെട്ടു. യഥാര്‍ഥ ഒമിക്രോണിനേക്കാളും കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങളേക്കാളും വേഗത്തില്‍ പടരുന്നതാണിത്.
”ചൈന ഇപ്പോള്‍ വേഗത്തില്‍ തുറക്കുകയാണെങ്കില്‍, അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകളില്‍ ധാരാളം വൈറസ് പടരാന്‍ കാരണമാകും. മരണനിരക്ക് എത്ര കുറവാണെങ്കിലും അത് മെഡിക്കല്‍ സൗകര്യങ്ങളിൽ പ്രതിസന്ധിക്കു സൃഷ്ടിക്കുന്നതിനും സാമൂഹിക ജീവിതത്തില്‍ ഹ്രസ്വകാല ആഘാതത്തിനും കാരണമാകും. ഇത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും പരിഹരിക്കാനാകാത്ത ദോഷം ചെയ്യും,” ഴാങ് എഴുതി.